
ആറ്റിങ്ങൽ : കീഴാറ്റിങ്ങലിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ 5 പേർക്ക് കുത്തേറ്റ സംഭവത്തിൽ എല്ലാ പ്രതികളും കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. അഞ്ചുതെങ്ങ് സ്വദേശികളായ പ്രവീൺ (30), നിഖിൽ രാജ് (36) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പ്രധാന പ്രതി അഞ്ചുതെങ്ങ് സ്വദേശി പവൻ പ്രകാശ് (36) നേരത്തെ പൊലീസിന്റെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് പ്രതികളുടെ താവളം കണ്ടെത്തിയതും പിടികൂടിയതും. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പവൻ പ്രകാശ് ഞായറാഴ്ച സന്ധ്യയോടെ ട്രെയിനിൽ വർക്കല സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. സംഭവം നടന്ന കീഴാറ്റിങ്ങൽ കാരാംകുന്നിൽ കടയ്ക്കാവൂർ പൊലീസ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കീഴാറ്റിങ്ങൽ കാരാംകുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്ത് പവൻ പ്രകാശിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ ആക്രമണം. സ്ഥലത്തെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും. മദ്യപിച്ചിരുന്ന അക്രമിസംഘം യുവാക്കളുമായി ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതും അഞ്ചു പേർക്ക് കുത്തേറ്റതും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന സിജു (32) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ ബാക്കി നാലു പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.