
തിരുവനന്തപുരം: ഗവർണറുടെ കാർ തടഞ്ഞ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാൻ ദുർബല വകുപ്പുകളാണ് പൊലീസ് ആദ്യം ചുമത്തിയിരുന്നത്. എന്നാൽ ഇന്നലെ ഗവർണർ ഡി.ജി.പിയെ ഫോണിൽ വിളിച്ച് നിർദ്ദേശിച്ചതോടെയാണ് ഐ.പി.സി 124 അടക്കം ചുമത്തിയത്. ഇന്നലെ കന്റോൺമെന്റ് പൊലീസ് രാജ്ഭവനിലെത്തി സെക്യൂരിറ്റി ഓഫീസർ അസി.കമൻഡാന്റ് റഷീദിന്റെ മൊഴി രേഖപ്പെടുത്തി. ഇതുപ്രകാരമുള്ള തുടർനടപടികളുണ്ടാവും. ശക്തമായ നടപടികളുണ്ടാവണമെന്ന് ചീഫ് സെക്രട്ടറിയോടും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
ഗവർണർ റിപ്പോർട്ട് തേടി
എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ തടഞ്ഞ് ആക്രമിച്ചതിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഗവർണർ സർക്കാരിനോടും ഡി.ജി.പിയോടും റിപ്പോർട്ട് തേടി. 10, 11 തീയതികളിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമരങ്ങളിൽ എന്താണ് ഉണ്ടായതെന്നും എടുത്ത നടപടികൾ വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സർക്കാർ അക്രമികളെയും നിയന്ത്രിക്കുന്നു: വി. മുരളീധരൻ
ഗവർണർക്കെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്നും ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് അക്രമികളെയും നിയന്ത്രിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗവർണർ സഞ്ചരിക്കുന്ന വഴിയും സമയവും എസ്.എഫ്.ഐക്കാർക്ക് പൊലീസ് ചോർത്തി നൽകി. വാഹനം തകർക്കുമ്പോഴും വി.ഐ.പി അകത്ത് തന്നെ ഇരിക്കണമെന്ന പ്രോട്ടോകോൾ എവിടെയാണുള്ളത്? ക്രമസമാധാനപാലനം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ഗവർണറെ ഭയപ്പെടുത്തി ഓടിക്കാൻ നോക്കേണ്ട.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തണം: കെ. സുധാകരൻ
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തി കേസെടുക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്നാണ് ഗവർണറുടെ ആരോപണം. ഗവർണർക്കെതിരായ ആക്രമണം ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. ഗവർണറുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയും അടിയന്തര നടപടിയുണ്ടാകണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീർത്ഥാടകർ അയ്യപ്പ ദർശനം ലഭിക്കാതെ നിരാശയോടെ മടങ്ങുകയാണ്. വെള്ളം കിട്ടാതെ ഭക്തർ ക്യൂവിൽ കുഴഞ്ഞ് വീഴുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിട്ടുനൽകാത്ത മുഖ്യമന്ത്രി വോളന്റിയർമാരായി സന്നദ്ധ സംഘടനാ പ്രവർത്തകരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറുടെ റൂട്ടും സമയവും പൊലീസ് ചോർത്തി നൽകി : കെ.സുരേന്ദ്രൻ
ഗവർണർക്കെതിരായ അതിക്രമം ആസൂത്രണം ചെയ്തതിൽ പൊലീസിനും പങ്കുണ്ടെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതിക്രമം നടത്തിയവർക്ക് ഗവർണറുടെ യാത്രാവിവരങ്ങളും റൂട്ടും സമയവും ചോർത്തിക്കൊടുത്തത് പൊലീസാണ്. പൊലീസ് നിയന്ത്രണത്തിലുള്ള പൈലറ്റ് വാഹനങ്ങൾ അതിക്രമം നടത്തിയ ഇടങ്ങളിൽ ആസൂത്രിതമായി നിറുത്തിക്കൊടുത്തു. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം.ഗവർണർക്ക് സുരക്ഷ നൽകാനൊരുക്കമല്ലെങ്കിൽ മുഖ്യമന്ത്രി അക്കാര്യം വ്യക്തമാക്കണം.അട്ടക്കുളങ്ങര ജയിലിൽ പോയി കേസ് അട്ടിമറിച്ച അതേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗവർണർക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും പിന്നിൽ. ഗവർണറെ അപായപ്പെടുത്താൻ ശ്രമിക്കുന്ന ഒരു മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാൽ നേരിടുന്നത് ഗുണ്ടകളാണ്. പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കും. അതേസമയം ഗവർണർക്കെതിരെ അതിക്രമത്തിന് പൊലീസ് ഒത്താശ ചെയ്യുന്നു. നിയന്ത്രിച്ചില്ലെങ്കിൽ ഇതിനെതിരെ സ്വാഭാവിക പ്രതിഷേധമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
സമരങ്ങളോട് പൊലീസിന് ഇരട്ട നീതി: കെ.എസ്.യു
കെ.എസ്.യു - എസ്.എഫ്.ഐ സമരങ്ങളോട് പൊലീസ് ഇരട്ടനീതിയാണ് സ്വീകരിക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഷൂസ് എറിഞ്ഞ സംഭവത്തിൽ പ്രതികളായവർക്ക് നിയമപരിരക്ഷ നൽകും. ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകും. 308 ചുമത്തി പ്രവർത്തകരുടെ മനോവീര്യം തളർത്താനാണ് ശ്രമം. ഗവർണർക്കെതിരെ പ്രതിഷേധിക്കാൻ എസ്.എഫ്.ഐക്ക് സർക്കാർ വഴിയൊരുക്കി. സർക്കാരും ഗവർണറും ടോം ആൻഡ് ജെറി കളിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന ഗവർണർക്കെതിരെ സമരത്തിന് നേതൃത്വം നൽകുമെന്നും അലോഷ്യസ് പറഞ്ഞു.
ഗവർണറെ ക്യാമ്പസിൽ കയറ്റില്ല: എസ്.എഫ്.ഐ
ഗവർണറെ ഒരു ക്യാമ്പസിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. സർവകലാശാല ഭരണസമിതിയിലേക്ക് സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റുന്നതിനെ പ്രതിരോധിക്കും. സമരം വ്യാപിപ്പിക്കും. ഗവർണറുടെ വാഹനം ആരും തടഞ്ഞിട്ടില്ല. ഗവർണറാണ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങി എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത്. കാലിക്കറ്റ് - കേരള സർവ്വകലാശാലകളിലെ സെനറ്റിലേക്കുള്ള നോമിനേഷനിൽ ആർ.എസ്.എസ് ഓഫീസിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യുന്നു. കാലിക്കറ്രിലെ 18 പേരിൽ രണ്ടുപേർ ഒഴികെ ചാൻസലറുടെ നോമിനേഷനാണ്. 16 പേരിൽ രണ്ട് പേർ ലീഗ് നേതാക്കളാണ്. രണ്ട് പേർ കോൺഗ്രസ് നേതാക്കളും. കേരളയിലും രണ്ട് പേർ കോൺഗ്രസുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ്.