തിരുവനന്തപുരം : മാനവീയം വീഥിയിൽ വീണ്ടും യുവാക്കൾ ഏറ്റുമുട്ടി. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. പ്രദേശത്തുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. തിരുമല മങ്കാട്ടുകടവ് സ്വദേശി അഭിഷേക്(21), വട്ടിയൂർക്കാവ് പി.ടി.പി നഗർ സ്വദേശി അഭിമന്യു(22), വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് സമീപം അഭിജിത്(20), കുന്നുത്തുകാൽ പനച്ചമൂട് സ്വദേശി തൻസീർ(24), നേമം സ്വദേശി കൽപേഷ്(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു. ഇതിൽ ചിലർ ചലച്ചിത്രോത്സവത്തിന് എത്തിയവരാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികൾ മാനവീയം വീഥിയിലാണ് നടക്കുന്നത്. ഇതിനായി മാനവീയം വീഥിയിൽ രാത്രി നിരവധി പേർ എത്തുന്നുണ്ട്. ചിലർ സിഗരറ്റ് വലിച്ച് പുക മറ്റുള്ളവരുടെ മുഖത്തേക്ക് ഊതിവിട്ടതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.
നേരത്തെ രണ്ടുതവണ മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന്റെ ഭാഗമായി സംഘർഷമുണ്ടായിരുന്നു. ഇതോടെ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.രാത്രി വൈകി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനടക്കം നിയന്ത്രണം ഏർപ്പെടുത്തി. ലഹരി സംഘങ്ങളായിരുന്നു ഈ ഏറ്റുമുട്ടലുകൾക്ക് പിന്നിൽ. ഇതോടെ നൈറ്റ് ലൈഫ് വേദിയിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞു. നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.

എഫ്.ഐ.ആറിൽ മാനവീയം

ആൽത്തറയെന്ന് പൊലീസ്

കേസിൽ എഫ്.ഐ.ആർ പ്രകാരം സംഭവം നടന്നത് മാനവീയം വീഥിയിലാണ്. എന്നാൽ ആൽത്തറ ജംഗ്ഷനു സമീപം ഇടവഴിയിലാണ് പ്രശ്നമുണ്ടായതെന്ന് മ്യൂസിയം പൊലീസ് പറയുന്നു. മാനവീയം സ്ഥിരം സംഘർഷ സ്ഥലമായി മാറിയെന്ന് പൊതുസമൂഹത്തിൽ ധാരണയുണ്ടാകുന്നതിനെതിരെ എതിർപ്പും ഉയർന്നിട്ടുണ്ട്.