cheenivila-road

 യാത്രക്കാർ ദുരിതത്തിൽ

മലയിൻകീഴ് : മഴ പെയ്താൽ അണപ്പാട് - പോങ്ങുംമൂട് റോഡ് പിന്നെ വെള്ളത്തിലാണ്. അത്ര ഭീകരമായിരിക്കും പിന്നെ ഈ റോഡിലൂടെയുള്ള യാത്ര. വെള്ളക്കെട്ടറിയാതെ വരുന്ന ഇരുചക്ര വാഹനയാത്രക്കാർ വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിയാണ് കടന്നുപോകുന്നത്. ഇതേ അവസ്ഥയാണ് ചീനിവിള ക്രൈസ്റ്റ് നഗർ സ്കൂളിന് സമീപത്തെ റോഡിലെ വെള്ളക്കെട്ടും. യാത്രക്കാർക്ക് ദുരിതവും അപകടക്കെണിയുമാണിവിടം. ഒറ്റ മഴയിൽത്തന്നെ റോഡുകൾ ആറ് പോലെയാകുന്നു. ഒൻപത് വർഷം മുൻപ് റോഡ് നവീകരണം നടത്തിയപ്പോൾ ഓട നിർമ്മിക്കാത്തതാണ് ഈ റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. മഴവെള്ളം സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കും
പുരയിടങ്ങളിലേക്കും പാഞ്ഞിരുന്നത് അടുത്തിടെ നിർവാഹമില്ലാതെ അവർ മതിൽ കെട്ടിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. ക്രൈസ്റ്റ് നഗർ സ്കൂളിന്
സമീപത്തിന് പുറമേ, മാറനല്ലൂർ ക്ഷീര ഡെയറി, ആനമൺ എന്നീ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. മഴപെയ്തൊഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാലും
വെള്ളക്കെട്ട് മാറാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമായാലും വേനൽക്കാലമായാലും യാത്ര ചെയ്യാനാവാത്ത അവസ്ഥ. വെള്ളത്തിൽ മുങ്ങി ഇരുചക്ര വാഹനങ്ങൾ അപകടത്തിലാകുന്നതും വാഹനത്തിന് തകരാർ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. വെള്ളക്കെട്ടായതിനാൽ റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാർക്കും വീട്ടുകാർക്കും ദുരിതം തന്നെ. കടയിലേക്ക് ആരും വരാറില്ലെന്നാണ് വ്യാപരികൾ പറയുന്നത്. റോഡ് ആരംഭിക്കുന്ന അണപ്പാട്, ചീനിവിള മുതൽ പോങ്ങുംമൂട് വരെ ഒരിടത്തും പൊതുഓട നിർമ്മിച്ചിട്ടില്ലാത്തതിനാൽ ഈ റോഡിന്റെ താഴ്ന്ന ഭാഗമെല്ലാം മഴക്കാലത്ത് വെള്ളക്കെട്ടായി മാറും. കൊടും വളവുകളും റോഡിനോടു ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റുകളും അപകടക്കെണിയായി തീർന്നതിന് പുറമെയാണ് വെള്ളക്കെട്ടും കാൽനട വാഹനയാത്രക്കാർക്ക് ദുരിതമാകുന്നത്. റോഡിന്റെ വീതി കൂട്ടി ഓട നിർമ്മിച്ച് വെള്ളം ഒലിച്ച് പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

 അപകടക്കെണികളും

യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്താണ് ഈ റോഡ് റബറൈസ്ഡ് ടാറിംഗ് ചെയ്തത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും റോഡാകെ പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിരുന്നു. പൊളിഞ്ഞ ഭാഗത്തെ അറ്റകുറ്റപ്പണികൾ ചെയ്തിട്ടിപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. പോങ്ങുംമൂടിനും ചീനിവിളയ്ക്കുമിടയിലെ കൊടും വളവുകളും റോഡിനോട് ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റുകളും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. അണപ്പാട് മുതൽ പോങ്ങുംമൂട് ജംഗ്ഷൻ വരെ റോഡിന് ഇരുവശത്തുമായി മരണക്കെണിയായി 214 ഇലക്ട്രിക് പോസ്റ്റുകളാണ് നിലകൊള്ളുന്നത്. അപകടപോസ്റ്റ് മാറ്റുന്നതിന് കെ.എസ്.ഇ.ബി അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.