തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതിക്കായി മരപ്പാലം,കുറവൻകോണം അമ്പലമുക്ക് റോഡുകൾ കുഴിച്ചതോടെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് നഗരവാസികൾ. മരപ്പാലം,കുറവൻകോണം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. മരപ്പാലത്താണ് ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മൂന്ന് പ്രധാന റോഡുകൾ വന്നുചേരുന്ന മരപ്പാലം ജംഗ്ഷൻ പൊതുവേ കുപ്പിക്കഴുത്തു പോലെയാണ്. ജംഗ്ഷന് തൊട്ടടുത്തായി പൈപ്പ് ലൈൻ പണി നടക്കുന്നതിനാൽ കുരുക്ക് ഇരട്ടിയായിട്ടുണ്ട്. കവടിയാർ,കുറവൻകോണം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മരപ്പാലത്ത് എത്തുന്നതോടെ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ കഴിയാത്ത സ്ഥിതിയാണ്.
കുറവൻകോണം അമ്പലമുക്ക് റോഡിലും ഗതാഗതക്കുരുക്കിന് മാറ്റമില്ല. വളരെ ഇടുങ്ങിയതാണ് ഇവിടത്തെ റോഡ്. അവിടെ ഗ്യാസ് പൈപ്പ് ലൈനിന് കുഴിയെടുത്ത് റോഡിന് വശത്ത് മണ്ണ് കൂട്ടിയതോടെയാണ് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാവാത്ത അവസ്ഥയായത്. ഒരുസമയം ഒരുവശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം സാദ്ധ്യമാക്കുന്നത്. ഇതോടെ മറുവശത്ത് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകുന്നു. മാത്രമല്ല പൊടി ശല്യവും രൂക്ഷമായി. പട്ടത്ത് എസ്.യു.ടി ആശുപത്രി മുതൽ മരപ്പാലത്തേക്ക് പോകുന്ന റോഡിൽ 200 മീറ്ററോളം പൈപ്പിടാനുണ്ട്. അത് ഉടൻ തുടങ്ങും.
പൈപ്പിടുന്നതിനായി എച്ച്.ഡി.ഡി (ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിംഗ്) യന്ത്രമാണ് ഉപയോഗിക്കുന്നത്. റീമറുകൾ ഉപയോഗിച്ച് റോഡിനടിയിൽ തുരങ്കമുണ്ടാക്കി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. എന്നാൽ, കുറവൻകോണത്തെ റോഡിനടിയിൽ കൂടി വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈൻ അടക്കം കടന്നുപോകുന്നുണ്ട്. റീമിംഗ് നടത്തിയാൽ പൈപ്പ് ലൈൻ പൊട്ടാൻ സാദ്ധ്യതയുള്ളതിനാലാണ് റോഡ് കുഴിച്ചതെന്ന് പദ്ധതി നടപ്പാക്കുന്ന എ.ജി ആൻഡ് പി പ്രഥം കമ്പനി വൃത്തങ്ങൾ പറഞ്ഞു. കുറവൻകോണത്തു നിന്ന് അമ്പലമുക്കിലേക്കുള്ള ലൈനിൽ 112 മീറ്റർ കൂടി പൈപ്പിടാനുണ്ട്. ഇത് വരും ദിവസങ്ങളിൽ പൂർത്തിയാക്കും.
കമ്പനി പറയുന്നു
കുറവൻകോണത്തെ പണികൾ 95 ശതമാനവും പൂർത്തിയായെന്നും രണ്ട് ദിവസത്തിനുള്ളിൽ കുഴി അടച്ച് റോഡ് പൂർണ ഗതാഗത യോഗ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. ഈ മാസം അവസാനത്തോടെ കുറവൻകോണം അമ്പലമുക്ക് സ്‌ട്രെച്ചിലെ മുഴുവൻ പണികളും പൂർത്തിയാകുമെന്നാണ് കമ്പനിയുടെ വിശദീകരണം.
കൊച്ചുവേളി മുതൽ ലാറ്റക്സ് വരെ
കൊച്ചുവേളിയിൽ നിന്ന് പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് വരെയാണ് പദ്ധതി നടപ്പാക്കുന്നത്. എച്ച്.എൽ.എല്ലിൽ ആണ് ആദ്യം ഗ്യാസ് നൽകുക. ഇത് ജനുവരി 15ന് പൂർത്തിയാക്കും. അതുകഴിഞ്ഞാൽ ആദ്യഘട്ടമായി അണമുഖം,കടകംപള്ളി,ചെറുവയ്ക്കൽ,ശ്രീകാര്യം, ഉള്ളൂർ എന്നിവിടങ്ങളിലെ വീടുകളിൽ ഗ്യാസ് കണക്ഷൻ നൽകുക.രണ്ടാം ഘട്ടത്തിൽ മുട്ടട, നാലാഞ്ചിറ,കുറവൻകോണം,പേരൂർക്കട എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും.