bus-kathirippu-kendram

കല്ലമ്പലം: ബസുകൾ നിറുത്താത്ത കല്ലമ്പലം - വർക്കല റോഡിൽ ആലുംമൂട് ജംഗ്ഷനിലെ ബസ്‌ വെയിറ്റിംഗ് ഷെഡ്‌ നോക്കുകുത്തിയാവുന്നു. ആധുനിക സംവിധാനത്തിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്‌ ഉണ്ടായിട്ടും ബസ് ഇവിടെ നിറുത്താത്തതിൽ പ്രകോപിതരാണ് യാത്രക്കാർ. വർക്കല ഭാഗത്തു നിന്ന് നിരവധി വിദ്യാർത്ഥികളടക്കം ഇവിടെ ഇറങ്ങാനുണ്ടെങ്കിലും ബസ് നിറുത്താറില്ല. ഭൂരിഭാഗം ബസുകളും കല്ലമ്പലം ജംഗ്ഷനിലാണ് നിറുത്തുന്നത്. നിരവധി വാഹനങ്ങൾ ഇരു സൈഡിലും പാർക്ക് ചെയ്തിരിക്കുന്ന റോഡാണ് കല്ലമ്പലം - വർക്കല റോഡ്‌. ബസുകൾ ജംഗ്ഷനിൽ നിറുത്തുന്നതുമൂലം വിദ്യാർത്ഥികൾ ഈ വാഹനങ്ങൾക്കിടയിലൂടെ ഭീതിയോടെയാണ് ആലുംമൂട്ടിലേക്ക് നടക്കുന്നത്. കുട്ടികൾ താമസിച്ച് വീട്ടിലെത്തുന്നതിനാൽ രക്ഷിതാക്കൾക്ക് തിരക്കിപോകേണ്ട അവസ്ഥയുമുണ്ട്. വണ്ടി സ്റ്റോപ്പിൽ നിറുത്താൻ ആവശ്യപ്പെട്ടാൽ മോശമായ രീതിയിലാണ് ബസ് കണ്ടക്ടർമാരുടെ പെരുമാറ്റം.എത്രയും വേഗം പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.