വിതുര: വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്മുടിയിൽ മൂടൽമഞ്ഞ് വീഴ്ച തുടരുന്നു. ഡിസംബർ പകുതിയായതോടെയാണ് പൊൻമുടിയിൽ മഞ്ഞ് പടർന്നു തുടങ്ങിയത്.മഴയുള്ള ദിവസങ്ങളിലാണ് കൂടുതൽ മഞ്ഞ് വ്യാപിക്കുന്നത്.ചൊവ്വാഴ്ച രാത്രിയിലുണ്ടായ മഞ്ഞ് വീഴ്ച കല്ലാറും കടന്ന് വിതുര വരെ വ്യാപിച്ചു.നേരം പുലർന്നിട്ടും മഞ്ഞിന്റെ ആധിക്യമായിരുന്നു. കല്ലാർ മുതൽ പൊന്മുടി വരെ വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് സഞ്ചരിച്ചത്.മഞ്ഞ് വ്യാപിച്ച് ഇരുൾ പടർന്നതോടെ കാട്ടാനകൾ കഴിഞ്ഞ ദിവസം രാത്രിയിൽ പൊൻമുടി റോഡിൽ ഇറങ്ങി.പുലർച്ചെ ബസെത്തിയിട്ടും ആനകൾ റോഡിൽ നിന്ന് പിൻവാങ്ങുവാൻ കൂട്ടാക്കിയില്ല. മിനിറ്റുകളാേളം ഹോൺ മുഴക്കിയാണ് ആനകളെ തുരത്തിയത്. ഡിസംബർ അവസാനിക്കുമ്പാേൾ മഞ്ഞ് വീഴ്ചയുടെ ശക്തി കുറയും.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി മഞ്ഞ് വീഴ്ച കുറവാണ്.പൊൻമുടിയിലിപ്പോൾ സഞ്ചാരികളുടെ വൻ പ്രവാഹമാണ്.അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് പൊൻമുടിയുടെ സൗന്ദര്യം നുകരാൻ മലകയറുന്നത്. വനംവകുപ്പിന് പാസ് ഇനത്തിൽ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും പൊൻമുടിയിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.കാട്ടാനയും, കാട്ടുപോത്തും സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്.യാത്രാമദ്ധ്യേ വാനരന്മാരേയും കാണാം.പൊൻമുടിയിലെത്തുന്ന സഞ്ചാരികൾക്ക് നദിയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എഫ്.ഒ കെ.ഐ.പ്രദീപ് കുമാർ അറിയിച്ചു.