
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ്. ഇതുകൂടാതെ മുംബയിലും ലക്ഷക്കണക്കിന് മലയാളികൾ ജോലിചെയ്യുന്നു. ഇവർ പ്രധാനമായും കേരളത്തിലേക്ക് വരാൻ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അതിൽ ടിക്കറ്റ് കിട്ടണമെങ്കിൽ മാസങ്ങൾക്കു മുമ്പേ ബുക്ക് ചെയ്യണം. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ വിശേഷാവസരങ്ങളിൽ ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാധാരണ യാത്രക്കാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ, ട്രാൻസ്പോർട്ട് ബസ്സുകളെയാണ് ആശ്രയിക്കാറുള്ളത്. വളരെ മുൻകൂട്ടി റിസർവ് ചെയ്യാതെയും സീറ്റ് ലഭിക്കുമെന്നതാണ് ബസ് സർവീസുകളുടെ പ്രധാന ആകർഷണീയത. ട്രെയിനിനെ അപേക്ഷിച്ച് യാത്ര ദുഷ്കരമാണെങ്കിലും ഇത്തരം ബസ് സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിന് ഒരു കുറവുമില്ല. ബംഗളൂരു നഗരത്തിൽ മാത്രം ഏതാണ്ട് 15 ലക്ഷത്തോളം മലയാളികൾ കഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ കൂടുതലും ഐ.ടി മേഖലകളിൽ ജോലിചെയ്യുന്നവരാണ്. രണ്ടും മൂന്നും മാസം കൂടുമ്പോൾ ഇവർ കേരളത്തിലെ വീട്ടിലേക്ക് വരാറുണ്ട്. ചെന്നൈയുടെ കാര്യവും വ്യത്യസ്തമല്ല. ഇത് കണക്കിലെടുത്ത് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി പ്രഖ്യാപിക്കുമെങ്കിലും നടത്താറില്ല. വിശേഷാവസരങ്ങളിലും ഉത്സവ സീസണുകളിലും കൂടുതൽ സർവീസ് നടത്തിയാൽ നല്ല ലാഭം ഉണ്ടാക്കാനാവുന്ന ഒരു മേഖലയാണിത്. ഇത്തരം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ബസുകൾ നിരവധിയാണ്. അവർ നല്ല ലാഭം കൊയ്യുകയും ചെയ്യുന്നു. ഇവർ തിരക്ക് വർദ്ധിക്കുന്ന വിശേഷാവസരങ്ങളിൽ ടിക്കറ്റ് നിരക്കിൽ തോന്നിയതുപോലെ വൻ വർദ്ധനവ് വരുത്തുകയും ചെയ്യും. ഇത് തടയാൻ ഒരു അധികാരിയും ഇടപെടാറില്ല. ക്രിസ്മസ്, പുതുവത്സര തിരക്കുമൂലം സ്വകാര്യ ബസുകൾ ടിക്കറ്റ് കൊള്ള തുടങ്ങിയതായുള്ള വാർത്ത ഞങ്ങൾ നൽകിയിട്ടുണ്ട്. ഈ മാസം 20 മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് വാർത്തയിൽ ചൂണ്ടിക്കാട്ടുന്നത്. സാധാരണ നിരക്ക് ബംഗളൂരു - തിരുവനന്തപുരം എ.സി സ്ളീപ്പറിന് 1600 രൂപയാണ്. ഇത് ഒറ്റയടിക്ക് 3650 - 4000 രൂപ വരെയായാണ് കൂട്ടിയിരിക്കുന്നത്. 1300 രൂപ നിരക്കുള്ള എ.സി സെമി സ്ളീപ്പറിന് 3500 രൂപ വരെയായി കൂട്ടി. കെ.എസ്. ആർ.ടി.സിയിലും കർണാടക സർക്കാർ ബസുകളിലും റിസർവേഷൻ ഏതാണ്ട് ഫുൾ ആയതുകൂടി കണക്കിലെടുത്താണ് സ്വകാര്യ ബസുകളുടെ തോന്നുംപടിയുള്ള ഈ വർദ്ധന. സ്പെഷ്യലടക്കം 45 സർവീസുകൾ കെ.എസ്.ആർ.ടി.സിയും 67 സർവീസുകൾ കർണാടകവും നടത്തുന്നുണ്ട്. എന്നിട്ടും ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ ഈ സർവീസുകളിൽ വലിയ പ്രയാസമാണ്. യാത്രക്കാരുടെ തിരക്കും റിസർവേഷന്റെ എണ്ണവും അനുസരിച്ച് പ്രത്യേക സർവീസ് നടത്താൻ ഓരോ യൂണിറ്റിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അധികാരികൾ പറയുന്നതെങ്കിലും ബസുകളുടെ കുറവ് കാരണം ഇതൊന്നും നടപ്പാകാറില്ല. കേരളം ഇപ്പോൾ നടത്തുന്ന 45 സർവീസുകൾ എന്നത് ഏറ്റവും കുറഞ്ഞത് 100 ആയി എങ്കിലും ഉയർത്തേണ്ടതാണ്. അങ്ങനെ വന്നാൽ സ്വകാര്യ സർവീസുകാരുടെ ഈ ടിക്കറ്റ് കൊള്ള വലിയ ഒരു പരിധിവരെ തടയാനാകും. അതല്ലെങ്കിൽ ഓണം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ വിശേഷ വേളകളിൽ താത്ക്കാലിക പെർമിറ്റ് അനുവദിച്ച് കൂടുതൽ സ്വകാര്യ സർവീസുകൾക്ക് സർക്കാർ അനുമതി നൽകണം. ഇങ്ങനെ അനുമതി നൽകുമ്പോൾ സർക്കാർ പരമാവധി ചുമത്താവുന്ന ടിക്കറ്റ് ചാർജ് സംബന്ധിച്ചും നിബന്ധനകൾ വയ്ക്കണം. ഇതിന് നിലവിലുള്ള ചട്ടങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ അതിനുവേണ്ടി ചട്ടങ്ങൾ മാറ്റാനും സർക്കാരിന് തന്നെ അധികാരമുള്ളതാണ്. ജനങ്ങളുടെ സൗകര്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ചട്ടങ്ങൾ എന്നത് അധികാരികൾ മറക്കരുത്. ഏതു രീതിയിലായാലും സർക്കാർ അടിയന്തരമായി ഇടപെട്ട് സ്വകാര്യ ബസ് സർവീസുകാരുടെ ടിക്കറ്റ് കൊള്ള തടയേണ്ടതാണ്.