തിരുവനന്തപുരം: ശബരിമലഭക്തർക്ക് ഭരണഘടനയിലെ മനുഷ്യാവകാശങ്ങൾ സംസ്ഥാനസർക്കാർ നിഷേധിക്കുന്നതായി ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം കുമ്മനം രാജശേഖരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മനുഷ്യാവകാശ കമ്മിഷനും വനിതാ, ബാലാവകാശ കമ്മിഷനുകളും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാരാണ്. അതു ചെയ്യാതെ മുഖ്യമന്ത്രിയും ദേവസ്വം ബോർഡും കണ്ണടച്ചിരുട്ടാക്കുകയാണ്. മണ്ഡലകാലത്ത് തിരക്ക് വർദ്ധിക്കുമെന്നറിഞ്ഞിട്ടും നിരുത്തരവാദപരമായാണ് പെരുമാറിയത്. സർക്കാരിന് അയ്യപ്പഭക്തരുടെ കാശുമതി. ശബരിമലയെ കറവപ്പശുവായാണ് കാണുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ ഒരംശംപോലും ശബരിമലയിൽ ചെലവാക്കുന്നില്ല. തിരക്ക് നിയന്ത്രിക്കലല്ല, മാനേജ് ചെയ്യുകയാണ് വേണ്ടത്. നിയന്ത്രണങ്ങൾ ഭക്തജന കൂട്ടായ്മകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദർശിക്കും.