1

വിഴിഞ്ഞം: വ‌‌ർണ മത്സ്യങ്ങളെ സാക്ഷിയാക്കി നടന്ന കടലിനടിയിലെ പുസ്‌തകപ്രകാശനം വേറിട്ട അനുഭവമായി. സ്‌കൂബാ ഡൈവിംഗ് ഇൻസ്ട്രക്ടറും അക്വേറിയം സ്‌പെഷ്യലിസ്റ്റുമായ അരുൺ അലോഷ്യസ് രചിച്ച പവിഴപ്പുറ്റുകളുടെ കഥ പറയുന്ന ' പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ഇന്നലെ കോവളത്ത് കടലിനടിയിൽ നടന്നത്.

ഫിഷറീസ് വകുപ്പ് സാഗരമിത്ര പദ്ധതി കോ ഓർഡിനേറ്റർ ശില്പാഞ്ജലി,​ ഡൈവിംഗ് പരിശീലകരായ റിസ്‌വാന റഫീഫ്ഖാ, ഗായത്രി ഗോപൻ, ആവണിബാലു എന്നിവർക്ക് പുസ്തകത്തിന്റെ ആദ്യകോപ്പി നൽകിയാണ് പ്രകാശനം നടത്തിയത്. ഇരുപത് മിനിട്ടോളം കടലിനടിയിൽ നിലയുറപ്പിച്ചാണ് ചടങ്ങ് നടന്നത്. തുടർന്ന് കോവളം ഗ്രോവ് ബീച്ചിൽ നടന്ന പൊതുപരിപാടിയിൽ സി.എം.എഫ്.ആർ.ഐ മേധാവി ഡോ.ബി. സന്തോഷ് പുസ്‌തകപരിചയം നടത്തി. അരുൺ അലോഷ്യസ് രചനാനുഭവം പങ്കുവച്ചു.

സ്‌കൂബ കൊച്ചിൻ ഡയറക്ടർ ജസ്റ്റിൻ ജോസ്,സമത മാനേജിംഗ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി എന്നിവർ സംസാരിച്ചു. പ്രസാദന രംഗത്തെ പെൺ കൂട്ടായ്‌മയായ സമതയാണ് പരിപാടി സംഘടിപ്പിച്ചത്.