
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആധികാരിക വിജയം നേടിയ മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി നിർണയം അല്പം വൈകിയെങ്കിലും ശുഭകരമായി പര്യവസാനിച്ചതിൽ പാർട്ടി നേതൃത്വത്തിനു ആശ്വസിക്കാം. കീഴ്‌വഴക്കങ്ങളും സാധാരണ പതിവുകളുമൊക്കെ തെറ്റിച്ചുകൊണ്ടാണ് ഇക്കുറി നിയമസഭാ കക്ഷി നേതൃസ്ഥാനങ്ങളിലേക്ക് പുതിയ നേതാക്കളെ തിരഞ്ഞെടുത്തത്. പാർട്ടിയുടെ പതിവു രീതിയിൽ നിന്നു മാറി ചിന്തിച്ചുവെന്നു വ്യക്തമാക്കുന്നതാണ് മൂന്നിടത്തെയും പുതിയ നേതാക്കൾ. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയായി പാർട്ടി കണ്ടെത്തിയത് അൻപത്തൊമ്പതുകാരനായ വിഷ്ണുദേവ് സായിയെയാണ്. ഒരു ഗോത്രവർഗക്കാരൻ ഛത്തീസ‌്‌ഗഢിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ വിഷ്ണുദേവ് സായിയുടെ ഈ ഉന്നത പദവി പാർട്ടിക്ക് പുതിയൊരു പരിവേഷം നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ പുതുമുഖമല്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷസ്ഥാനവും രണ്ടുവട്ടം അദ്ദേഹം വഹിച്ചിട്ടുണ്ട്. ആദിവാസികൾക്കിടയിൽ ബി.ജെ.പിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കാനും സായിയുടെ തിരഞ്ഞെടുപ്പ് സഹായകമാകും. ഈ തിരഞ്ഞെടുപ്പിൽ 29 ആദിവാസി സംവരണ മണ്ഡലങ്ങളിൽ പതിനേഴിൽ വിജയം നേടാൻ പാർട്ടിക്കു കഴിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വോട്ടർമാർക്കു നൽകിയ വാഗ്ദാനവും പാലിക്കപ്പെട്ടിരിക്കുകയാണ്. സായിയെ ജയിപ്പിച്ചാൽ ഛത്തീസ്‌ഗഢിന് ആദ്യമായി ഒരു ആദിവാസി മുഖ്യമന്ത്രിയെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
പതിനേഴു വർഷക്കാലം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി വിരാജിച്ച ശിവരാജ് സിംഗ് ചൗഹാൻ അവസാന നിമിഷം വരെ തൽസ്ഥാനത്തു തുടരാൻ പതിനെട്ടടവും പയറ്റിയെങ്കിലും കൗശലപൂർവം കേന്ദ്ര നേതൃത്വം ഇക്കുറി അദ്ദേഹത്തെ മാറ്റിനിറുത്തുകയാണുണ്ടായത്. ദേശീയ രാഷ്ട്രീയത്തിൽ കുടിയിരുത്തി അദ്ദേഹത്തെ തണുപ്പിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. ഛത്തീസ്‌ഗഢിലെന്നതുപോലെ പാർട്ടിക്ക് വലിയ വേരോട്ടമുള്ള മദ്ധ്യപ്രദേശിലെ മുഖ്യമന്ത്രി നിർണയവും നാടകീയമായി എന്നു പറയാം. കഴിഞ്ഞ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന മോഹൻ യാദവിനെയാണ് മദ്ധ്യപ്രദേശ് ഭരിക്കാൻ കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുന്നത്. പരമ്പരാഗത പാത വിട്ട് ഭരണം പുതുതലമുറയെ ഏല്പിക്കാനുള്ള ഉറച്ച തീരുമാനമാണ് താരതമ്യേന മുൻനിരയിലൊന്നുമില്ലാതിരുന്ന മോഹൻ യാദവിന് നറുക്കുവീഴാൻ കാരണം. എം.എൽ.എമാർക്കിടയിൽ ഏറെ സമ്മതനായ യാദവ് പുതിയൊരു തുടക്കമിടുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ശിവരാജ് സിംഗ് ചൗഹാനും മറ്റൊരു ഭൈമീകാമുകനായ പ്രഹ്ളാദ് സിംഗിനും വേണ്ടി അനുയായികൾ കൊണ്ടുപിടിച്ചു കരുനീക്കങ്ങൾ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
ഛത്തീസ്‌ഗഢിൽ ആദിവാസി നേതാവിനെയും മദ്ധ്യപ്രദേശിൽ പിന്നാക്കക്കാരനെയും നേതൃസ്ഥാനത്തേക്ക് ഉയർത്തിയ കേന്ദ്ര നേതൃത്വം രാജസ്ഥാനിൽ പുതിയ നേതാവിനെ കണ്ടെത്താൻ നന്നായി വിയർക്കേണ്ടിവന്നു. വിജയ്‌രാജെ സിന്ധ്യ ഉൾപ്പെടെ പ്രമുഖർ പലരും സ്ഥാനമോഹികളായി ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ നിരീക്ഷകരുൾപ്പെടെ സകലരെയും ഞെട്ടിച്ചുകൊണ്ട് നിയമസഭയിൽ നവാഗതനായ ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രി പദത്തിൽ അവരോധിച്ച കാഴ്ചയാണ് ചൊവ്വാഴ്ച കാണാനായത്. മുഖ്യമന്ത്രി നിർണയത്തിന് പാർട്ടി ഏറ്റവുമധികം സമയമെടുത്തതും രാജസ്ഥാനിലാണ്. അൻപത്താറുകാരനായ ഭജൻലാൽശർമ്മ അറിയപ്പെടുന്ന നേതാവല്ലാതിരുന്നിട്ടും മറ്റു രണ്ടു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി പാർട്ടിയുടെ അടിസ്ഥാന ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ജാതി സമവാക്യമാണ് അദ്ദേഹത്തിനു തുണയായത്. ബ്രാഹ്മണനായ ശർമ്മ രാജസ്ഥാൻ ബി.ജെ.പിയുടെ സെക്രട്ടറിയായി ഒരു ദശാബ്ദക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ വളരെ മിടുക്കനായ ശർമ്മയ്ക്കു മുഖ്യമന്ത്രി പദം വച്ചുനീട്ടിയതിലൂടെ പാർട്ടിയിൽ തന്നെയുള്ള വിമർശകരുടെ നാവടപ്പിക്കാനും നേതൃത്വത്തിനു സാധിച്ചു. പുതിയ നേതാക്കളിലാണ് പാർട്ടിയുടെ ഭാവി എന്ന വലിയ തിരിച്ചറിവു കൂടിയുണ്ട് മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി നിർണയത്തിൽ.