
തിരുവനന്തപുരം: മ്യൂസിയത്തെ രാജാ രവിവർമ്മ ആർട് ഗ്യാലറിയിലെ ' വെളിച്ചമില്ലായ്‌മ ' മാറ്റണമെന്ന ആവശ്യവുമായി ഭൂരിഭാഗം കാഴ്ചക്കാരും. വർഷങ്ങളുടെ പഴക്കവും ലോകപ്രസിദ്ധിയുമാർജിച്ച രാജാരവിവർമ്മ ചിത്രങ്ങളിലധികവും ഇരുട്ടിലാണ്. സജഷൻ ബുക്കിലൂടെയും ജീവനക്കാരോട് നേരിട്ടും ലൈറ്റിംഗ് ശരിയാക്കണമെന്ന് പറഞ്ഞിട്ടും മാറ്റമില്ല.
മൂന്നുമാസം മുമ്പ് മ്യൂസിയത്തെ ശ്രീചിത്ര ആർട് ഗ്യാലറിക്ക് സമീപമാണ് രാജാരവിവർമ്മ ചിത്രങ്ങളുടെ പ്രദർശനത്തിനായി പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തത്. സി.സി ടി.വി അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിൽ
പൂനെയിലെ സംഘമാണ് ലൈറ്റിംഗ് ക്രമീകരിച്ചത്. ചുമരിന് മുകളിലായി ലൈറ്റുകളുണ്ടെങ്കിലും വച്ചിരിക്കുന്ന രീതി ശരിയല്ലാത്തതിനാൽ പല ചിത്രങ്ങളും വ്യക്തമല്ലെന്നാണ് പരാതി. ശകുന്തളയും സഖിമാരും, ഹംസദമയന്തി, ദ്രൗപതി, ദക്ഷിണേന്ത്യൻ നാടോടികൾ,പുരാണകഥകളെ ഇതിവൃത്തമാക്കിയ ചിത്രങ്ങൾ തുടങ്ങി പ്രസിദ്ധമായ എണ്ണച്ചായാചിത്രങ്ങൾ,പെൻസിൽ സ്‌കെച്ചുകൾ എന്നിവയാണ് ഇവിടെയുള്ളത്. ഏറ്റവും സൂക്ഷ്മമായ വസ്‌തുക്കൾ പോലും കൃത്യമായി വരച്ച അപൂർവ ചിത്രങ്ങളിലെ പല ഭാഗങ്ങളും വെളിച്ചക്കുറവ് മൂലം കാണാനാവുന്നില്ല. പ്രശ്‌നമുണ്ടെന്ന് ജീവനക്കാരും സമ്മതിക്കുന്നു.
ചുമരിന് നൽകിയ നിറവും കാഴ്ചയ്‌ക്ക് അഭംഗിയാണെന്ന് കാണികൾ പറയുന്നു. അതേസമയം ലൈറ്റിംഗ് ജോലികൾ പൂർത്തിയായിട്ടില്ലെന്നും 30 ദിവസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മ്യൂസിയം ഡയറക്ടർ അറിയിച്ചു. വിദേശികൾ ഉൾപ്പെടെ നിരവധിപ്പേരെത്തുന്ന ആർട് ഗ്യാലറിയുടെ ടിക്കറ്റ് കൗണ്ടറിൽ ഗൂഗിൾപേ പോലുള്ള സംവിധാനങ്ങളില്ലെന്നതും ന്യൂനതയാണ്. രവിവർമ്മ ചിത്രങ്ങൾക്ക് പുറമെ സഹോദരൻ രാജ രാജവർമ്മയുടെ 41 ചിത്രങ്ങളും സഹോദരി മംഗളഭായിയുടെയും സമകാലിക ചിത്രകാരന്മാരുടെയുമടക്കം 135 ചിത്രങ്ങളും ക്രമീകരിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇതേ പ്രശ്‌നമുണ്ട്.
വ്യക്തത വേണം
മ്യൂസിയത്തിൽ തന്നെ പ്രശസ്‌ത ചിത്രകാരൻ കെ.സി.എസ് പണിക്കറുടെ ചിത്രങ്ങളൊരുക്കിയ ഗ്യാലറിയുമുണ്ട്. വലിയ അർത്ഥതലങ്ങളുള്ള ചിത്രങ്ങൾ വിശദീകരിക്കാൻ ഗൈഡോ അടിക്കുറുപ്പുകളോ ഇവിടെയില്ല. അതിനാൽ വിരലിലെണ്ണാവുന്ന സന്ദർശകർ മാത്രമേയുള്ളൂ. ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യൂആർ സമീപത്ത് സജ്ജീകരിച്ചാൽ കൂടുതൽ കാണികളെ ലഭിച്ചേക്കും.