f

വെളളറട: മലയോര മേഖലയിലെ റബ്ബർ കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരമില്ല. ശക്തമായ മഴകാരണം റബ്ബർ ടാപ്പിംഗും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇതിനു പുറമെ റബ്ബറിന്റെ വിലയിടിവും. കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ടാപ്പിംഗ് നടക്കാത്തതുമൂലം തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ഈ സീസണിൽ വളരെ കുറച്ച് ടാപ്പിംഗാണ് നടന്നത്. എന്നാലിപ്പോൾ കിലോയ്ക്ക് സൂപ്പർ ഗ്രേഡിനുമാത്രമാണ് 140 രൂപയും സെക്കൻഡ് കോളിറ്റിക്ക് 130 മുതൽ 135 രൂപ വരെയും ഒട്ടുപാലിന് 80 രൂപയും കിലോയ്ക്ക് ലഭിക്കുന്നത്. ക്രിസ്മസ് അടുത്തതോടെ തൊഴിലാളികൾക്ക് ബോണസ് നൽകണം. ഇതിനുപോലും കഴിയാത്ത അവസ്ഥയിലാണ് റബ്ബർ കർഷകർ. ഉത്പാദന ചെലവിന് ആനുപാതികമായ വില കർഷകർക്ക് നൽകി സർക്കാർ റബ്ബർ സംഭരിച്ച് മലയോരത്ത് റബ്ബർ അധിഷ്ടിത വ്യവസായശാലകൾ സ്ഥാപിച്ചാൽ കർഷകരുടെ ദുരിതങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. തിരഞ്ഞെടുപ്പ് വേളകളിൽ പ്രകടനപത്രികയിൽ മാത്രമാണ് റബ്ബർ വ്യവസായം സ്ഥാനം പിടിക്കുന്നത്. പ്രധാന റബ്ബർ ഉത്പാദന മേഖലയായ മലയോരം കേന്ദ്രീകരിച്ച് റബ്ബർ അധിഷ്ടിത വ്യവസായശാലകൾ ആരംഭിക്കുമെന്ന രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തിരഞ്ഞെടുപ്പുകളിലും മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ഈ വാഗ്ദാനം. നിരവധി വ്യവസായശാലകൾ സ്ഥാപിക്കാമെന്നിരിക്കെ ഒരു ചെറുകിട വ്യവസായ സ്ഥാപനം പോലും മലയോരഗ്രാമത്തിലില്ല. കർഷകന്റെ വോട്ടു നേടി അധികാരത്തിൽ വരുന്ന ഭരണകർത്താക്കൾ കർഷകരെ സഹായിക്കാൻ ശ്രമിച്ചിട്ടില്ല.

 സർക്കാരിടപെടണം

മലയോരത്ത് ഉത്പാദിപ്പിക്കുന്ന റബ്ബർ പാലും ഷീറ്റും അതിർത്തി കടന്ന് അന്യ സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻകിട കമ്പനികൾ വാങ്ങിക്കൊണ്ടുപോകുന്ന റബ്ബർ കൊണ്ട് ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ അവർ നിശ്ചയിക്കുന്ന കൂടിയ വില നൽകി വാങ്ങേണ്ട അവസ്ഥയാണ് നമ്മുടേത്. റബ്ബറിന് ഏറെ വിലക്കുറവ് അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് മലയോരമേഖലയിലെ കർഷകരിൽ നിന്നു റബ്ബർ സംഭരിച്ച്, ഉത്പന്നങ്ങൾ നിർമ്മിച്ചാൽ കർഷകർക്കും ഉപഭോക്താക്കൾക്കും ആശ്വാസമാകും. എന്നാൽ റബ്ബർ പാലുകൊണ്ട് ഏറ്റവും പെട്ടെന്ന് കുറഞ്ഞ ചെലവിൽ ആരംഭിക്കാമെന്ന റബ്ബർ ബാന്റ് നിർമ്മാണ യൂണിറ്റു പോലും സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രധാന റബ്ബർ ഉത്പാദന കേന്ദ്രത്തിലില്ല. കർഷകർ ഉത്പാദിപ്പിക്കുന്ന റബ്ബർ, ന്യായമായ വില നൽകി സംഭരിക്കാൻ പോലും സംവിധാനമില്ല. മാർക്കറ്റ് വിലയിൽ നിന്നും ചെറുകിട വ്യാപാരികൾ പറയുന്ന വിലയ്ക്ക് വിൽക്കുക മാത്രമേ കർഷകർക്ക് രക്ഷയുളളൂ. ഇതുകാരണം കർഷകർക്ക് ഉത്പാദന ചെലവുപോലും ലഭിക്കുന്നില്ല.