
കല്ലറ: വാമനപുരം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതും ജില്ലയിലെ തന്നെ ഏറ്റവും വലിയ മണ്ഡലമായ വാമനപുരത്തേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുമ്പോൾ അവരെ അറിയിക്കാൻ നിരവധി ആവലാതികളുമായി മണ്ഡലം കാത്തിരിക്കുകയാണ്. ഡി.കെ.മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നെങ്കിലും പ്രധാനപ്പെട്ട പലതും പൂർത്തിയായിട്ടില്ല.
വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ഹൈടെക് നിലവാരത്തിലെത്തുകയും, കല്ലറ യു.ഐ.ടി സ്ഥാപിച്ചതും, വെഞ്ഞാറമൂട് റസ്റ്റ് ഹൗസും,ഫയർ സ്റ്റേഷനും അനുവദിച്ചതും,കളമച്ചലിൽ ഐ.ടി.എയും,കൈത്തറി ക്ലസ്റ്റർ സാദ്ധ്യമായതും,ചെല്ലഞ്ചി പോലുള്ള പാലങ്ങളും,വാമനപുരം നദീപുനരുജ്ജീവനം സാദ്ധ്യമായതും നേട്ടങ്ങളായെങ്കിലും,വെഞ്ഞാറമൂട്ടിൽ ഫ്ലൈഓവർ,കാരേറ്റ് - പാലോട് റോഡ്, വാമനപുരം നദിയിലെ ബണ്ട് നിർമ്മാണം,തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നവീകരണം,പാങ്ങോട് പൊലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമാക്കുക എന്നിവ കോട്ടങ്ങളായി തുടരുന്നു.
ഓവർബ്രിഡ്ജ് വേണം
സംസ്ഥാനപാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷൻ നേരിടുന്നത് വൻ ഗതാഗതക്കുരുക്കാണ്.ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായി ഓവർബ്രിഡ്ജ് നിർമിക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിക്കുകയും നിരവധി ടെൻഡറുകൾ വിളിച്ചെങ്കിലും എസ്റ്റിമേറ്റ് തുകയെക്കാൾ കൂടുതൽ ക്വാട്ട് ചെയ്തതിനാൽ പദ്ധതി മുടങ്ങി. വെഞ്ഞാറമൂട് ബൈപ്പാസ് നിർമ്മാണവും അനന്തമായി നീളുകയാണ്.
ഒച്ചിഴയും പോലെ റോഡ് പണി
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻമുടിയിലേക്ക് പോകുന്ന കാരേറ്റ് - പാലോട് റോഡിന്റെ പണിയും നീണ്ടുപോവുകയാണ്.ആദ്യത്തെ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി മാറ്റുകയും,പുതിയ കരാറുകാരൻ പണിയേറ്റെടുത്തെങ്കിലും അയാളും ഇപ്പോൾ ഉപേക്ഷിച്ചമട്ടാണ്.
ചെക്ക് ഡാം വേണം
മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ മിക്കതും സ്ഥിതി ചെയ്യുന്നത് വാമനപുരം നദിയെ ആശ്രയിച്ചാണ്. നദിയിൽ ഒരു ചെക്ക് ഡാം നിർമ്മിക്കുകയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആനാട് കുടിവെള്ള പദ്ധതിയും കടലാസിലുറങ്ങുകയാണ്.
ഹെൽത്ത് സെന്ററിനും
ചികിത്സ വേണം
മണ്ഡലത്തിലെ പ്രധാന ആശുപത്രികളിലൊന്നാണ് കല്ലറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ആദിവാസികൾ ഉൾപ്പെടെ മലയോര മേഖലയിലെ ആയിരങ്ങളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. കോടികൾ മുടക്കി കെട്ടിടങ്ങൾ പണിതിട്ടുണ്ടെങ്കിലും കിടത്തി ചികിത്സയോ,ആവശ്യത്തിന് ഡോക്ടറോ, രാത്രികാല ചികിത്സയോ ഇല്ല.
വന്യമൃഗശല്യവും
കാർഷിക മേഖലയായ ഇവിടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. പലരും കൃഷി ഉപേക്ഷിക്കുകയാണ്. ഇതിനും ഒരു ശാശ്വത പരിഹാരം വേണമെന്നാണ് കർഷകരുടെ ആവശ്യം.