paipppotty

മുടപുരം: റോഡിനടിയിലെ കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ച കഴിഞ്ഞിട്ടും വാട്ടർ അതോറിട്ടി നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം. മുടപുരം - മുട്ടപ്പലം റോഡിൽ മുടപുരം പാലം ഗുരുകുലം ജംഗ്ഷനിലാണ് പൈപ്പ് പൊട്ടിയത്. ചിറയിൻകീഴ്-കോളിച്ചിറ റോഡ് വന്നുചേരുന്ന ഈ ജംഗ്ഷൻ ബസ്‌സ്റ്റോപ്പ് കൂടിയാണ്. ഒരാഴ്ച മുൻപ് പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനാൽ ഇപ്പോൾ റോഡിലെ ടാറും മെറ്റലുമിളകി കുഴി രൂപപ്പെട്ടു. ഇത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാവുന്നതിനെത്തുടർന്ന് നാട്ടുകാർ കുഴിയിൽ പാഴ്മരങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്. പൈപ്പ് പൊട്ടിയത് റോഡിന് നടുവിൽ ബസ്‌സ്റ്റോപ്പിന് മുന്നിലായതിനാൽ വാഹനയാത്രയ്ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പൊട്ടിയപൈപ്പ് നന്നാക്കാൻ കേരള വാട്ടർ അതോറിട്ടി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.