
ആറ്റിങ്ങൽ: കീഴാറ്റിങ്ങലിൽ അഞ്ചുപേരെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിലെ മുഖ്യപ്രതി പവിൻ പ്രകാശിനെതിരെ കാപ്പ ചുമത്താൻ കടയ്‌ക്കാവൂർ പൊലീസ് റിപ്പോർട്ട് നൽകി. ഇയാൾക്കെതിരെ കടയ്‌ക്കാവൂർ,അഞ്ചുതെങ്ങ്,കഠിനംകുളം എന്നീ സ്റ്റേഷനുകളിൽ നിലവിലെ കേസ് കൂടാതെ മറ്റ് ഒമ്പത് കേസുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ചാലുംമൂട് സ്‌പെഷ്യൽ സബ് ജയിലിലായിരുന്ന പവിൻപ്രകാശ് ജാമ്യം കിട്ടിയശേഷം അവനവഞ്ചേരി ചിറ്റാറ്റിൻകര വേലാൻകോണത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ അഞ്ചുതെങ്ങ് പൊലീസ് കാപ്പ ചുമത്താൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പവിൻ പ്രകാശ് ജയിലിലായിരുന്നതിനാൽ റിപ്പോർട്ട് തിരിച്ചയച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മലബാർ മേഖലയിലെ വിവിധയിടങ്ങളിൽ ജ്യൂസ് മേക്കറായി ജോലി ചെയ്‌തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.