
തിരുവനന്തപുരം: അമേരിക്കൻ സർവകലാശാലയിൽ അദ്ധ്യാപകനായി പോവാൻ ഡി.ജി.പി റാങ്കുള്ള വിജിലൻസ് മേധാവി ടി.കെ.വിനോദ് കുമാർ സമർപ്പിച്ച രണ്ടുവർഷത്തെ ശമ്പളരഹിത അവധി അപേക്ഷ അംഗീകരിക്കാതെ കേന്ദ്രസർക്കാർ. ഡിസംബർ 31മുതൽ അവധിയെടുക്കാൻ കഴിഞ്ഞ സെപ്തംബറിലാണ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷിച്ചത്. രണ്ട് വർഷത്തിനു ശേഷം തിരികെ പൊലീസിൽ പ്രവേശിച്ച് 2025 ആഗസ്റ്റിൽ വിരമിക്കാനിരുന്നതാണ്.
എന്നാൽ വിരമിക്കുന്നതിന് തൊട്ടുമുൻപ് വിദേശജോലിക്കായി അവധിയെടുക്കുന്നതിനോട് കേന്ദ്രം അനുകൂലമല്ല. വേണമെങ്കിൽ സ്വയംവിരമിക്കാം. വിനോദ്കുമാറിന്റെ അപേക്ഷ, സംശയങ്ങളുന്നയിച്ച് ആഭ്യന്തരമന്ത്രാലയം തട്ടിക്കളിക്കുകയാണ്.
മുൻപ് ഉന്നതർക്ക് വിദേശ ജോലിക്ക് അവധി അനുവദിക്കുമായിരുന്നു. അടുത്തിടെ അപേക്ഷിച്ച മിക്കവർക്കും അനുമതി ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭ, ഏഷ്യൻ വികസന ബാങ്ക്, ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളിലേക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കുന്നുമുണ്ട്. ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരുടെ സേവനം നഷ്ടമാവുമെന്നാണ് കേന്ദ്രനിലപാട്.
ഭീകരവിരുദ്ധ ഓപ്പറേഷനിൽ യു. എസ് പരിശീലനം നേടിയ ടി.കെ.വിനോദ്കുമാർ മുൻപും അമേരിക്കയിലും മറ്റും യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകനായിരുന്നു. ക്രിമിനോളജിയിൽ പി.എച്ച്‌ഡിയുള്ള അദ്ദേഹം 1992ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഡി.ജി.പിയായി വിജിലൻസിലെത്തിയത്.
യോഗേഷിന് ഡിജിപി
റാങ്ക് വൈകും
ടി.കെ.വിനോദ്കുമാർ അവധിയിൽ പോയാൽ ബിവറേജസ് കോർപറേഷൻ സി.എം.ഡി യോഗേഷ് ഗുപ്തയ്‌ക്ക് (1993 ഐ.പി.എസ് ബാച്ച്) ഡി.ജി.പി റാങ്ക് ലഭിക്കുമായിരുന്നു. അവധി അനുവദിച്ചില്ലെങ്കിൽ, അടുത്ത ജൂലായിൽ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുമ്പോഴേ യോഗേഷിന് ഡി.ജി.പി റാങ്ക് കിട്ടൂ.