prasanth

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാണെന്ന് ദേവസ്വം ബോ‌ർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാംപടിയുടെ വീതി കൂട്ടണമെന്ന അഭിപ്രായത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ടാം പടിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളുണ്ട്. ആചാരത്തിൽ മാറ്റം വരുത്താൻ ദേവപ്രശ്നം വേണം. തന്ത്രിക്കുപോലും ഇക്കാര്യത്തിൽ പെട്ടെന്നു തീരുമാനമെടുക്കാനാകില്ല. ബോർഡ് അഭിപ്രായം പറയേണ്ട കാര്യവുമല്ലിത്.

തിരക്കു കുറയ്ക്കാൻ തിരുപ്പതി മോഡലല്ല ഡൈനമിക് ക്യൂ സംവിധാനമാണ് ശബരിമലയിൽ നടപ്പാക്കുന്നത്. അപ്പാച്ചിമേട്ടിൽ നിന്ന് നീലിമല കയറിയെത്തുന്ന ഭക്തർക്ക് ക്ഷീണമകറ്റാൻ മൂന്നു ക്യൂബുകൾ വീതമുള്ള ആറ് ക്യൂ കോംപ്ലക്‌സുകൾ നിർമ്മിച്ചു. ഓരോ ക്യൂബിലും 250 പേർക്ക് തങ്ങാനും പ്രാഥമിക കൃത്യം നിർവഹിക്കാനുമാകും. തിരക്കു കുറയ്ക്കാനുള്ള നടപടികൾ പൊലീസും ദേവസ്വം ബോർഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പി.എസ്. പ്രശാന്ത് അറിയിച്ചു.