
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സി.അർച്ചന, സി.പി.എമ്മിലെ എസ്.കൃഷ്‌ണകുമാരിയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 284 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ ഐ.മിനി വിജയിച്ച വാർഡാണിത്.
ബി.ജെ.പി ആദ്യമായാണ് ഈ വാർഡിൽ ജയിക്കുന്നത്. സി.അർച്ചന (ബി.ജെ.പി-553), എസ്.കൃഷ്ണകുമാരി (എൽ.ഡി.എഫ്-380), രാധിക (യു.ഡി.എഫ്-94),ഷൈനി (എ.എ.പി-15 )എന്നിങ്ങനെയാണ് ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ട്. മണമ്പൂർ വാർഡ് പിടിച്ചെടുത്തതോടെ 20 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ബി.ജെ.പിക്ക് മൂന്നംഗങ്ങളായി. എൽ.ഡി.എഫിന് 11, യു.ഡി.എഫിന് 6,ബി.ജെ.പി 3 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
കോൺഗ്രസ്, ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ചാൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന് നഷ്ടമാകും. ബാല ഗോകുലത്തിലൂടെ പൊതുരംഗത്തെത്തിയ സി.അർച്ചന ബി.ജെ.പി പ്രവർത്തകനും വിമുക്ത ഭടനുമായ ജയേഷിന്റെ ഭാര്യയാണ്. കേന്ദ്രമന്ത്രി വി.മുരളീധരൻ വാർഡിൽ ക്യാമ്പ് ചെയ്‌ത് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ഫലം കണ്ടുവെന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തൽ. വോട്ടഭ്യർത്ഥിച്ച് മുൻ എം.പി സുരേഷ്‌ഗോപിയുമെത്തിയിരുന്നു. ഇന്നലെ വൈകിട്ട് നടന്ന സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി,വി.വി.രാജേഷ്,അഡ്വ.സുരേഷ്, മുളയറ രതീഷ്,നിയോജക മണ്ഡലം പ്രസിഡന്റ് വെള്ളനാട് അനിൽ തുടങ്ങിയവർ പങ്കെടുത്തു.