പാറശാല: കാരോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ,വൈസ് പ്രസിഡന്റ് ടി.ആഗ്നസ് എന്നിവർക്കെതിരെ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് അംഗമായ സി.എ.ജോസ് സമർപ്പിച്ചിരുന്ന അവിശ്വാസപ്രമേയം പാസായതോടെ വൈസ് പ്രസിഡന്റ് പദവിയും കോൺഗ്രസിന് നഷ്ടമായി. അവിശ്വാസപ്രമേയം സമർപ്പിച്ചതിനെ തുടർന്ന് നേരത്തെതന്നെ രാജേന്ദ്രൻ നായർ രാജി സമർപ്പിച്ചതു കാരണം രാവിലെ നടക്കേണ്ടിയിരുന്ന പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ച ഒഴിവായി. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ചയിൽ അംഗങ്ങൾ സമർപ്പിച്ച പ്രമേയത്തിൽ ഒപ്പിട്ടിരുന്ന കോൺഗ്രസിലെ അഞ്ച് അംഗങ്ങൾക്കൊപ്പം എൽ.ഡി.എഫിലെ ആറുപേരും ഹാജരായി. വരണാധികാരിയും പാറശാല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന നടപടികളിൽ ഹാജരായ 11 അംഗങ്ങളും തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് അവിശ്വാസപ്രമേയം പാസായത്. എന്നാൽ മുൻ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർക്കൊപ്പം നിന്ന കോൺഗ്രസിലെ അഞ്ച് പേരും ബി.ജെ.പി അംഗങ്ങളായ രണ്ടുപേരും, സ്വതന്ത്രനായ ഒരാളും നടപടികളിൽ നിന്ന് വിട്ടുനിന്നു.
തുടർന്ന് നടന്ന യോഗത്തിൽ അവിശ്വാസപ്രമേയത്തിൽ ഉറച്ചുനിന്ന കോൺഗ്രസ് അംഗങ്ങളെയും എൽ.ഡി.എഫ് അംഗങ്ങളെയും അനുമോദിച്ചു. കോൺഗ്രസിലെ സി.എ.ജോസ്, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.അജയകുമാർ,കാരോട് പഞ്ചായത്തിലെ എൽ.ഡി.എഫ്.കൺവീനർ എൽ.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.