തിരുവനന്തപുരം: 2017ൽ നടപ്പാക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ ശേഷം പൂട്ടിക്കെട്ടിയ മാലിന്യപരിപാലന നിയമാവലിയുടെ കരടിൽ ഭേദഗതികൾ വരുത്തി വീണ്ടും അംഗീകരിച്ചു. ഇന്നലെ നടന്ന കൗൺസിലിലാണ് പ്രതിപക്ഷ എതിർപ്പോടെ അംഗീകാരമായത്. പുതിയ ഭരണസമിതി വന്നെങ്കിലും പഴയ കരട്‌രേഖയിൽ അവർക്കും അതിൽ താത്പര്യമില്ലായിരുന്നു.
മാലിന്യ പരിപാലന ബിൽ ഗവർണർ അംഗീകരിച്ചതോടെ നഗരസഭയ്‌ക്ക് നിക്കക്കള്ളിയില്ലാതായി. തുടർന്നാണ് ചർച്ചകളൊന്നുമില്ലാതെ പഴയ നിയമാവലി സർക്കാർ വരുത്തിയ ഭേദഗതികൾ കൂടി ഉൾപ്പെടുത്തി ഇന്നലെ അവതരിപ്പിച്ചത്. ഇന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കരട് ബൈലായിൽ പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ 15 ദിവസം സമയം നൽകും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ നിയമാവലി പ്രാബല്യത്തിൽ വരും.
പഴയ "പുതിയ" നിയമം
മാലിന്യം പൊതുയിടത്തോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ കത്തിക്കരുത്.
നിരോധിത പ്ളാസ്റ്റിക്ക് ഉപയോഗിക്കരുത്
മാലിന്യങ്ങൾ ജൈവം,അജൈവം,അപകടകരം എന്നീ ഇനങ്ങളായി വേർതിരിച്ച് പ്രത്യേക
സംഭരണികളിൽ സൂക്ഷിക്കണം. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കണം.
നൂറിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടി മൂന്നുദിവസം മുമ്പെങ്കിലും കോർപ്പറേഷനിൽ
രേഖാമൂലം അറിയിക്കണം. മാലിന്യം തരംതിരിച്ച് സ്വന്തം ചെലവിൽ സംസ്‌കരിക്കണം
മാലിന്യം വേർതിരിച്ച് നൽകാത്തവർക്കെതിരെ ബൈലാ ലംഘനത്തിന്
കേരള മുനിസിപ്പൽ ആക്ട് പ്രകാരം പിഴയീടാക്കും.
ഉത്സവങ്ങൾ,ആഘോഷങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന മാലിന്യപരിപാലനത്തിന്റെ ഉത്തരവാദിത്വം കമ്മിറ്റികൾക്കും നടത്തിപ്പുകാർക്കുമാണ്. ഇവർക്ക് നടപ്പാക്കാൻ കഴിയാതെ വന്നാൽ മാത്രം നഗരസഭ ഏറ്റെടുക്കുകയും ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് യൂസർഫീ ആയി ഈടാക്കാനുമാണ് ആലോചന.
പിഴ ഇങ്ങനെ
മാലിന്യം തരം തിരിക്കാതെ സൂക്ഷിച്ചാൽ-250, ആവർത്തിച്ചാൽ പ്രതിദിനം-500
നഗരസഭയുടെ നിർദ്ദേശമനുസരിക്കാതെ മാലിന്യം കൈകാര്യം ചെയ്യുന്നത്-1000, ആവർത്തിച്ചാൽ-5000
മാലിന്യ പരിപാലന സേവനത്തിന് നഗരസഭ നിശ്ചയിച്ച തുക നൽകാതിരുന്നാൽ-500 ആവർത്തിച്ചാൽ-1000
വൻകിട ഉത്പാദകർ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താതിരിക്കുന്നത്-5000
പൊതുയിടത്തിൽ മാലിന്യം കത്തിച്ചാൽ-1000
പൊതുഓടയിലേക്കും നീർച്ചാലുകളിലേക്കും മാലിന്യം നിക്ഷേപിച്ചാൽ -5000
പൊതുയിടത്ത് മലമൂത്ര വിസർജ്ജനം-500 ആവർത്തിച്ചാൽ-1000
കിച്ചൺ ബിൻ അവതാളത്തിൽ
നഗരസഭയുടെ മാലിന്യനയമായി ഉറവിട മാലിന്യ സംസ്കരണത്തിനേർപ്പെടുത്തിയ കിച്ചൺബിൻ
പദ്ധതിയും നിലച്ചു. നിലവിൽ 500 വീടുകളിൽ പോലും ഉപയോഗമില്ല.
സ്വകാര്യ ഏജൻസികൾക്ക് പ്രോത്സാഹനം
ഉറവിട മാലിന്യ നയം പറയുമ്പോഴും സ്വകാര്യ ഏജൻസികൾ ജൈവ മാലിന്യമെടുക്കുന്നത് പ്രത്സോഹിപ്പിക്കുകയാണ് നഗരസഭ. കൃത്യമായ അന്വേഷണം നടത്താതെ ഇതിനായി നഗരസഭ ടെൻഡർ നൽകിയിട്ടുണ്ട്.
മെഴുകുതിരി കത്തിച്ച് പ്രതിഷേധം
നഗരത്തിലെ കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാത്തതിൽ കൗൺസിൽ യോഗത്തിനിടെ യു.ഡി.എഫ് കൗൺസിലർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. മെഴുകുതിരി കത്തിച്ചയുടനെ ലോക്‌സഭയിൽ ഇന്നലെ നടന്നതു പോലുള്ള സുരക്ഷവീഴ്ചയാണെന്ന് എൽ.ഡി.എഫ് ലീഡർ ഡി.ആർ.അനിൽ വിമർശിച്ചു. കൗൺസിലർമാരുടെ സുരക്ഷ പ്രധാനമാണ്, തനിക്ക് ഇത് കണ്ടിട്ട് പേടിയാകുന്നുവെന്നും ഫയർഫോഴ്സിനെയും പൊലീസിനെയും ഉടൻ വിളിക്കണമെന്നും അനിൽ ആവശ്യപ്പെട്ടു. മേയർ ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനിലിന്റെ പ്രസ്താവനയെ സ്വന്തം മുന്നണിയിലെ കൗൺസിലർമാരും പിന്തുണച്ചില്ല.