
തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ പുതിയ വില നിശ്ചയിക്കുമ്പോൾ ചില സാധനങ്ങൾക്ക് ഇരട്ടിയിലേറെ വർദ്ധനവുണ്ടാകാൻ സാദ്ധ്യത. പൊതു വിപണിയിലെ വിലയിൽ 25 ശതമാനം സബ്സിഡി കുറവു വരുത്തിയാകും വില നിശ്ചയിക്കുക. 2016ൽ തീരുമാനിച്ച വിലയ്ക്കാണ് നിലവിൽ 13 ഇനം സാധനങ്ങൾ വിൽക്കുന്നത്. അന്നും 25 ശതമാനം വിലക്കുറവാണ് നിശ്ചയിച്ചിരുന്നത്. അതേ ന്യായമായിരിക്കും ഇപ്പോഴും ചൂണ്ടിക്കാട്ടുക. വർദ്ധനവുണ്ടാകുമ്പോൾ ഉണ്ടാകുന്ന പൊതുജന വികാരത്തിന് തടയിടാൻ സബ്സിഡി സാധനങ്ങളുടെ എണ്ണം 13ൽ നിന്നും 16 ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് ഈ ആഴ്ച തന്നെ സമർപ്പിച്ചേക്കും. നിലവിലെ വിലയിൽ വില്പന നടത്തിയാൽ സപ്ലൈകോയുടെ നിലനില്പിനെ അപകടത്തിലാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനുമാണ് ആസൂത്രണ ബോർഡ് അംഗം ഡോ. രവിരാമൻ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. കൂടുതൽ സൂപ്പർമാർക്കറ്റുകൾ ആരംഭിച്ച് സപ്ലൈകോ വരുമാനം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ. സജിത് ബാബുവും സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമനും സമിതി അംഗങ്ങളാണ്.
ഏറ്റവും കൂടുതൽ മുളകിന്
മുളകിനായിരിക്കും ഏറ്റവും കൂടുതൽ വില വർദ്ധനവുണ്ടാകുന്നത്. മുളകിന് നിലവിൽ 250 രൂപയാണ് ശരാശരി വില. സപ്ലൈകോയിൽ 75 രൂപയ്ക്കാണ് വിൽക്കുന്നത്. ഏറ്റവും ഒടുവിൽ കാർഡിന് 250 ഗ്രാം മുളകാണ് നൽകിയിരുന്നത്. പുതിയ വിപണി വില അനുസരിച്ച് അതിൽ 25% കുറച്ച് സബ്സിഡി വില നിശ്ചയിച്ചാൽ സപ്ലൈകോയിൽ മുളകിന് 187.50 രൂപയാകും. പഴയ വിലയുടെ ഇരട്ടിയിലേറെ വർദ്ധന!. 43 രൂപയ്ക്കു വിൽക്കുന്ന കടലയ്ക്ക് 135 രൂപ വരെ ആയേക്കാം. ഉഴുന്ന് വില 66ൽ നിന്നും 100- 105ലെത്തും.