governer

തിരുവനന്തപുരം: ഗവർണറുടെ കാർ മൂന്നിടത്ത് തടഞ്ഞ് കരിങ്കൊടി കാട്ടുകയും അതിക്രമം കാട്ടുകയും ചെയ്ത എസ്.എഫ്.ഐക്കാരെ നേരിടുന്നതിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. ഗവർണറുടെ റൂട്ട് കൃത്യമായി അസി.കമ്മിഷണർമാരെയടക്കം അറിയിച്ചിരുന്നു. മൂന്ന് സ്ഥലങ്ങളും ഇന്റലിജൻസ് മുൻകൂട്ടി റിപ്പോർട്ട് ചെയ്തതുമാണ്. എന്നിട്ടും അവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് ഗവർണറെ സുരക്ഷിതനാക്കാൻ ഉന്നത പൊലീസുദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും നടപ്പായില്ല.

ക്രമസമാധാനം, ട്രാഫിക്, കൺട്രോൾ റൂം ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയത്തിലും ഗുരുതര പാളിച്ച കണ്ടെത്തിയിട്ടുണ്ട്.

പാളയത്ത് സർവകലാശാലാ ലൈബ്രറിക്ക് മുന്നിൽ പ്രതിഷേധമുണ്ടാവുമെന്നും തടയാൻ കൂടുതൽ പൊലീസ് വേണമെന്നും ഉന്നതഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. എന്നാൽ വൻ പൊലീസ് സംഘത്തെ അണ്ടർപാസിനടുത്താണ് വിന്യസിച്ചത്.

ലൈബ്രറിക്ക് മുന്നിൽ പ്രതിഷേധക്കാരെ കണ്ടയുടൻ പൈലറ്റ് വാഹനം വേഗത കുറച്ചതും പൊലീസുകാർ അൽപ്പസമയം കാറിൽ നിന്നിറങ്ങിയതും അന്വേഷിക്കുന്നുണ്ട്. വി.ഐ.പികൾക്കെതിരേ പ്രതിഷേധമുണ്ടായാൽ പൈലറ്റ് വാഹനം വേഗത്തിലോടിച്ച് പോവണമെന്നാണ് പ്രോട്ടോക്കോൾ. സമരക്കാർ വാഹനം തടഞ്ഞിട്ടാൽ മാത്രമേ പൈലറ്റ് വാഹനത്തിലെ പൊലീസ് പുറത്തിറങ്ങാവൂ. പ്രതിഷേധക്കാർക്കടുത്ത് പൊലീസ് വാഹനം വേഗത കുറച്ചത് ഒത്തുകളിയാണോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനായി സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. പൈലറ്റ് വാഹനം നിറുത്തിയതോടെ, ഗവർണറുടെ കാറും നിറുത്തി. അവിടെ ഗവർണർ പുറത്തിറങ്ങിയെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു.‌ അവിടെ വച്ചാണ് ചില്ലുകളിലും ബോണറ്റിലും കമ്പുകൊണ്ട് അടിച്ചത്. കാറിന് 76,357 രൂപയുടെ നാശമുണ്ടായി.

റോഡിന്റെ വശത്തുണ്ടായിരുന്ന സമരക്കാരെ തടയാനോ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീഴുന്നത് ഒഴിവാക്കാനോ പൊലീസ് ശ്രമിച്ചില്ല. സമരക്കാർ ചാടിവീണപ്പോഴാണ് കാർ നിറുത്തിയതെന്നാണ് പൈലറ്റ് വാഹനത്തിലെ പൊലീസ് ഡ്രൈവറുടെ മൊഴി. ഏതാണ് ആദ്യം സംഭവിച്ചതെന്ന് ക്യാമറാ പരിശോധനയിലൂടെ കണ്ടെത്താനാണ് ഡി.ജി.പിയുടെ നിർദ്ദേശം.

പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള അസി.കമ്മിഷണർമാർക്കെതിരെയും നടപടിയുണ്ടായേക്കും. കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഉന്നതഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതും സുരക്ഷാ ഏകോപനം പാളിയതും ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു, പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന് റിപ്പോർട്ട് നൽകും.