ss

തിരുവനന്തപുരം: 28ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിക്കാൻ വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസി ഇന്നലെയെത്തി. നാളെ നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അദ്ദേഹം പുരസ്‌കാരം സ്വീകരിക്കും.

പോളണ്ടിൽ നിന്നുമെത്തിയ സനൂസി ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെത്തി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുണും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി. കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുള്ള സനൂസിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകുന്നതിനെതിരെ നേരത്തെ എതിർപ്പുയർന്നിരുന്നു. ഹിറ്റ്ലർ കൊലപ്പെടുത്തിയതിനേക്കാൾ കൂടുതൽ പേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്മ്യൂണിസമാണെന്നും സനൂസി പറഞ്ഞതിനെ ഉയർത്തിക്കാട്ടിയാണ് വിവാദമുണ്ടാക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാഡമിയും വിവാദത്തിന് ചെവികൊടുത്തില്ല. 1998ൽ നടന്ന ചലച്ചിത്രമേളയിൽ സനൂസി മുഖ്യാതിഥിയായെത്തിയിരുന്നു.

സനൂസിക്ക് അവാർഡ് നൽകാൻ കേരളം വൈകിപ്പോയെന്ന് ഷാജി എൻ.കരുൺ പറഞ്ഞു. മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും വളർച്ച നോക്കിക്കണ്ട ആളാണ് സനൂസി. 2000ൽ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത്. ഒരേ ഹോട്ടലിലായിരുന്നു താമസം. ദൈവവും ചെകുത്താനും വരുന്ന അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് ഏറെ സംസാരിച്ചു. അപ്പോഴാണ് ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ താത്പര്യവും അറിവും വ്യക്തമാകുന്നത്. പിന്നീട് പല മേളകളിലും അദ്ദേഹത്തെ കണ്ടിരുന്നു - ഷാജി എൻ.കരുൺ പറഞ്ഞു.

സനൂസിയുടെ പെർഫെക്ട് നമ്പർ,ദ ഇല്യുമിനേഷൻ,ദ കോൺട്രാക്ട്,ദ സ്‌പൈറൽ,ഫോറിൻ ബോഡി,എ ഇയർ ഓഫ് ദ ക്വയറ്റ് സൺ എന്നീ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുകയാണ്. ജീവിതം,മരണം,വിശ്വാസം,ധാർമ്മികത,സ്വാതന്ത്ര്യം,അസ്തിത്വം,വാർദ്ധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവയ്‌ക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങൾ. ആദ്യമായി സംവിധാനം ചെയ്‌ത ഫീച്ചർ ഫിലിം 'ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽ' പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
1984ലെ വെനീസ് മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൺ ലയൺ പുരസ്‌കാരം അദ്ദേഹത്തിന്റെ 'എ ഇയർ ഓഫ് ദ ക്വയറ്റ് സൺ'.നേടി. 'ദ കോൺസ്റ്റന്റ് ഫാക്ടർ' കാൻ ചലച്ചിത്രമേളയിൽ പ്രത്യേകജൂറി പുരസ്‌കാരം നേടി. ചലച്ചിത്രാദ്ധ്യാപകൻ കൂടിയായ സനൂസി ഇപ്പോൾ സ്വിറ്റ്‌സർലന്റിലെ യൂറോപ്യൻ ഗ്രാഡ്വേറ്റ് സ്‌കൂൾ,പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കി ഫിലിം സ്‌കൂൾ എന്നിവിടങ്ങളിൽ പ്രൊഫസറാണ്.