
തിരുവനന്തപുരം: എഴുത്തിനേക്കാൾ സാമൂഹിക പ്രവർത്തനത്തിലാണ് അരുന്ധതി റോയിയുടെ സംഭാവനയെന്നും സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായ ഉത്പന്നമാണ് അവരുടെ കൃതികളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മൂന്നാമത് പി. ഗോവിന്ദപിള്ള ദേശീയ പുരസ്‌കാര സമർപ്പണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തെറ്റുകളോട് കലഹിക്കാനുള്ള മനസാണ് എഴുത്തുകാർക്ക് വേണ്ടത്. അരുന്ധതി റോയി പ്രതിഭാശാലിയായ പോരാളിയാണെന്നും അദ്ദേഹം പറഞ്ഞു.
അരുന്ധതി റോയിക്ക് 'ദി ഹിന്ദു' മുൻ ചീഫ് എഡിറ്റർ എൻ.റാം പുരസ്‌കാരം സമ്മാനിച്ചു.
രാജ്യത്തെ ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തിയാൽ, രാജ്യത്തെ വൈവിധ്യത്തിന്റെ ജീവരക്തമായ ഫെഡറലിസത്തിന് ഭീഷണിയാകുമെന്ന് അരുന്ധതി റോയി പറഞ്ഞു. മണ്ഡലപുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള എം.പിമാരുടെ എണ്ണം കുറയ്‌ക്കും. പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്ക് തങ്ങളുടെ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതത്തിനായി യാചിച്ചു നിൽക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.
പി.ജി സംസ്കൃതി കേന്ദ്രം വൈസ് ചെയർമാൻ ഡോ.ബി.ഇക്‌ബാൽ അദ്ധ്യക്ഷനായി. പുരസ്‌കാര സമിതി ചെയർമാൻ എം.എ.ബേബി, സംസ്കൃതി കേന്ദ്രം സെക്രട്ടറി ആർ. പാർവതിദേവി, എഴുത്തുകാരി കെ.ആർ. മീര എന്നിവർ പങ്കെടുത്തു. സംസ്‌കൃതികേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.വി.ജോയി സ്വാഗതവും ട്രഷറർ കെ.സി. വിക്രമൻ നന്ദിയും പറഞ്ഞു.