
തിരുവനന്തപുരം: തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ഉൾപ്പെടെ മാറ്റി ഐ.എ എസ് തലപ്പത്ത് അഴിച്ചുപണി. പ്ലാനിംഗ് ആൻഡ് ഇക്കണോമിക്സ് അഫയേഴ്സ് അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് ശാരദാ മുരളീധരനെ നിയമിച്ചത്. ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയുടെ അധികച്ചുമതലകളും ഉണ്ടാകും. നിലവിൽ പ്ലാനിംഗ് ആൻഡ് ഇക്കണോമിക്സ് അഫയേഴ്സ് അഡിഷണൽ ചീഫ് സെക്രട്ടറിയായ പുനീത് കുമാർ ഉദ്യോഗസ്ഥ - ഭരണ പരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാകും.
ധനവകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ. സഫിറുള്ളയെ തദ്ദേശ വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറിയാക്കി. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ഡി.ആർ.മേഘശ്രീയാണ് പുതിയ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ. ട്രൈബ്യൂണൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവല്‌മെന്റ് മിഷന്റെ (ടി.ആർ.ഡി.എം) അധികച്ചുമതലയും ഉണ്ട്.
മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയെ കേരള ജി.എസ്.ടി ജോയിന്റ് കമ്മിഷണറായി നിയമിച്ചു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് പുതിയ ഹൗസിംഗ് കമ്മിഷണർ. ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെയും തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി എക്സിക്യൂട്ടീവ് ഓഫീസറുടെയും അധികച്ചുമതലകളും ഇദ്ദേഹത്തിനുണ്ട്.
നിലവിലെ ഹൗസിംഗ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാകും. ഫോർട്ട് കൊച്ചി സബ്കളക്ടർ പി.വിഷ്ണു രാജിനെ മരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷാണ് പുതിയ രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ. സാമൂഹിക സന്നദ്ധ സേന, കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി എന്നിവയുടെ ഡയറക്ടർ ചുമതലകളും വഹിക്കും.
കോഴിക്കോട് സബ്കളക്ടർ വി.ചെൽസാ സിനി കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയാകും. ഒറ്റപ്പാലം സബ് കളകളക്ടർ ഡി. ധർമ്മലാശ്രീയാണ് ഭൂജലവകുപ്പ് ഡയറക്ടർ.