
തിരുവനന്തപുരം: വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഗവർണറെ മൂന്നിടത്ത് തടഞ്ഞ് കരിങ്കൊടി കാട്ടുകയും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതികളായ എസ്.എഫ്.ഐക്കാർക്കെതിരേ ചുമത്തിയ 7 വർഷം ശിക്ഷയുള്ള ഐ.പി.സി-124 വകുപ്പ് നിലനിൽക്കുമോയെന്ന് പ്രോസിക്യൂഷനും ആശങ്ക. ഗവർണർ ഔദ്യോഗിക കൃത്യനിർവഹണത്തിനല്ല പോയതെങ്കിൽ വകുപ്പ് 124 നിലനിൽക്കില്ലെന്ന് പോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടിയെങ്കിലും പ്രോസിക്യൂട്ടർക്ക് വ്യക്തത വരുത്താനായില്ല. പ്രതികളുടെ ജാമ്യഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 അഭിനിമോൾ രാജേന്ദ്രൻ ഇന്ന് വിധി പറയും.
കേരളത്തിന്റെ പ്രഥമപൗരനായ ഗവർണർക്കെതിരേ ഇത്രയേറെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് എങ്ങനെ അതിക്രമം നടത്താനായെന്ന് കോടതി ചോദിച്ചു. പൊലീസ് കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നോ. ആരും കണ്ടില്ലെങ്കിൽ പ്രതികൾ ആകാശത്ത് നിന്ന് പൊട്ടിവീണതാണോ. ഇത്രയും സുരക്ഷയുള്ള ഗവർണറുടെ കാറിനടുത്തേക്ക് പ്രതികൾക്ക് എങ്ങനെ എത്താനായി. കാറിന് എങ്ങനെ കേടുപാടു വരുത്താനായി- മജിസ്ട്രേറ്റ് ചോദിച്ചു. ഗവർണർ പോയത് ഔദ്യോഗിക കൃത്യനിർവഹണത്തിനല്ലെന്ന പ്രതി ഭാഗം വാദത്തെ പൊലീസ് ഇന്നലെയും എതിർത്തില്ല. പൊലീസിനെ കൈയേറ്റം ചെയ്തെന്നു കൂടി ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ ജാമ്യം കിട്ടിയാൽ കേസ് ദുർബലമാക്കുമെന്നും ഗവർണറെ ഇനിയും തടയാനിടയുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
പ്രതികൾ പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും കൊച്ചു കുട്ടികളുടെ പ്രതിഷേധമാണുണ്ടായതെന്നും പ്രതിഭാഗം വാദിച്ചു. അപ്പോഴാണ് മജിസ്ട്രേറ്റ് സംശയങ്ങളുന്നയിച്ചത്. ഗവർണർ കൃത്യനിർവഹണത്തിനാണോ പോയതെന്ന് വ്യക്തമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വെമ്പായം എ. എ. ഹക്കീം വാദിച്ചു. സർക്കാരിനായി സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളി മനു ഹാജരായി. എൽ.എൽ.ബി പരീക്ഷയെഴുതാൻ ഒരു ദിവസത്തെ ഇടക്കാല ജാമ്യം നൽകിയിരുന്ന ആറാം പ്രതി തൃശൂർ ഈരാറ്റുപറമ്പിൽ അമൻ ഗഫൂറിനെ ഇന്നലെ റിമാൻഡ് ചെയ്തു.
ഗവർണർ അവസരവാദി, വിരട്ടൽ വേണ്ട: മുഖ്യമന്ത്രി
ഗവർണർ വ്യക്തി എന്ന നിലയ്ക്ക് അവസരവാദിത്വത്തിന്റെ മൂർത്തീഭാവമാണെന്നും വിരട്ടികളയാമെന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസരവാദികൾക്ക് എന്തും ചെയ്യാനാകും. അത് നമ്മുടെ രാജ്യത്ത് നടക്കും. എന്നാൽ കേരളത്തിൽ വേണ്ട. അധികാരം കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്നാണ് ഭാവം. പക്ഷേ വിവേകം വേണം. എന്തിനെയും വെല്ലുവിളിക്കരുത്. ആ സ്ഥാനത്തിരുന്ന് ചെയ്യേണ്ട കാര്യങ്ങൾക്കാണ് ഭരണഘടന സംരക്ഷണമുള്ളത്. പദവിയുടെ മഹത്വം കളഞ്ഞുകുളിക്കരുത്. അത് മനസിലാക്കി പെരുമാറാൻ ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിക്ക് കഴിഞ്ഞാൽ നല്ലത്.
ഗവർണർ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം. ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ ഡൽഹിയിൽ പോയത്. കേന്ദ്രമന്ത്രി മുരളീധരന്റെ സർട്ടിഫിക്കറ്റിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ഏറ്റുമാനൂരിലെ നവകേരള സദസ് യോഗത്തിൽ പറഞ്ഞു.