പൂവാർ: കോട്ടുകാലിൽ വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽ പുത്തളം വാലൻവിള വീട്ടിൽ ശ്യാമള (76) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം. കാഴ്ച പരിമിതിയുള്ള ശ്യാമളയും ഏകമകൻ ശ്രീകുമാറും ഒരുമിച്ചാണ് താമസം. ശ്രീകുമാർ തന്നെയാണ് മരണ വിവരം അയൽക്കാരെയും വാർഡ് മെമ്പറെയും അറിയിച്ചത്. എന്നാൽ അവർ എത്തുമ്പോൾ വീട് വൃത്തിയാക്കിയതും മൃതദേഹം മാറ്റിക്കിടത്തിയിരുന്നതും സംശയം ജനിപ്പിച്ചു. തുടർന്നാണ് മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചത്. മൃതദേഹം പരിശോധിച്ചപ്പോൾ മരണം സംഭവിച്ച് അധികസമയം ആയില്ലെങ്കിലും പുഴുവരിച്ച നിലയിലായിരുന്നും ശ്യാമളക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്നുമാണ് പൊലീസ് നിഗമനം. കഴക്കൂട്ടം കാരോട് ബൈപ്പാസ് നിർമ്മാണത്തിന് ഭൂമി വിട്ടുനൽകിയ വകയിൽ ഈ കുടുംബത്തിന് നല്ലൊരു തുക ലഭിച്ചിരുന്നു. അവിവാഹിതനായ ശ്രീകുമാർ സ്ഥിരം മദ്യപിക്കാറുണ്ടെന്നും ഇയാൾ എന്നും വീട്ടിൽ വരാറില്ലെന്നും നാട്ടുകാർ പറയുന്നു. മറ്റുള്ളവരുമായി അധികം സഹകരണം ഇല്ലാത്തതിനാൽ ആശ പ്രവർത്തകരെയോ പാലിയേറ്റീവ് കെയർ പ്രവർത്തകരെയോ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ ശ്രീകുമാർ തയാറായിരുന്നില്ലെന്നും പരാതിയുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.