തിരുവനന്തപുരം: പേട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബന്ദിയാക്കിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മധുര കാലയപ്പൻ പോസ്റ്റ്,​ തെന്നൂർ സ്വദേശി മുപ്പകാമരാജ് (40)​,​ മധുര കളികപ്പൻ പോസ്റ്റ് സ്വദേശി ശരവണകുമാർ (32)​ എന്നിവരെയാണ് പേട്ട പൊലീസ് മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മധുര ഗുരുസ്വാമിപുരം പതിനൊന്ന് കോളനിയിൽ മധുമോഹനെയാണ് (31) പ്രതികൾ ഇക്കഴിഞ്ഞ 7ന് തട്ടിക്കൊണ്ടു പോയത്.

പേട്ട ആനയറയിൽ വാടകയ്ക്ക് താമസിക്കുന്ന മധുമോഹൻ പ്രതികളുമായി ഷെയർ ട്രേഡിംഗ് ബിസിനസ് നടത്തിവരികയായിരുന്നു. ഇതിൽ പ്രതികൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇക്കാര്യം സംസാരിക്കാനായി പ്രതികൾ മധുമോഹനെ മധുരയിലെ ഒരു ഗ്രാമീണ മേഖലയിലേക്ക് വിളിച്ചുവരുത്തി. നഷ്ടമുണ്ടായ തുക നൽകണമെന്ന് മധുമോഹനോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ മധുമോഹൻ ഇത് അംഗീകരിച്ചില്ല. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമായി. പണം നൽകാതെ തിരിച്ചുപോകാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതികൾ മധുമോഹനെ മർദ്ദിക്കുകയും ബന്ദിയാക്കുകയുമായിരുന്നു. മധുരയിലേക്ക് പോയ മധുമോഹനെ സുഹൃത്തുക്കൾ തടവിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പേട്ട പൊലീസിൽ പരാതി നൽകി. പ്രതികളുമായി മധു മോഹന് ഷെയർട്രേഡിംഗ് ബന്ധമുണ്ടെന്നും ഭാര്യ വിവരം നൽകിയിരുന്നു. പ്രതികളുടെ പേരുവിവരങ്ങളും പൊലീസിന് കൈമാറി. തുടർന്നാണ് പേട്ട പൊലീസ് മധുരയിലെത്തി മധുമോഹനെ മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്‌.ഐ മഹേഷ്,​ സീനിയർ സി.പി.ഒ കണ്ണൻ,​ സി.പി.ഒമാരായ സനൽ,​ ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.