തിരുവനന്തപുരം: ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുമായി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി. മുരാരി ബാബുവിനെ ദേവസ്വം കോ-ഓർഡിനേറ്ററായി നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിലെ വകുപ്പുകളും ബോർഡും തമ്മിലുള്ള ഏകോപനം കൃത്യമാക്കാനാണ് നിയമനം. പമ്പയിൽ ഹിൽ ടോപ്പിലുള്ള ഭൂമി ചെറിയ വാഹനങ്ങളുടെ പാർക്കിംഗിനായി നൽകാൻ നടപടി ത്വരിതപ്പെടുത്താൻ അഭിഭാഷകനെ ചുമതലപ്പെടുത്തി. മണ്ഡലകാലം തീരും വരെ ദിവസവും ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ , ദേവസ്വം കമ്മിഷണർ, ചീഫ് എൻജിനീയർ, വിജിലൻസ് എസ്.പി എന്നിവരിൽ ഒരാൾ ശബരിമലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നിരീക്ഷിക്കും.