general

ജലവിതരണം ഈ മാസത്തോടെ ആരംഭിക്കും

ബാലരാമപുരം: സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി ബാലരാമപുരം വണിഗർ തെരുവിലെ കുടിവെള്ള ടാങ്കിൽ നിന്ന് ജലവിതരണം ഈ മാസം തുടങ്ങുമെന്ന പ്രതീക്ഷയിൽ പഞ്ചായത്ത് നിവാസികൾ. പഞ്ചായത്തിലെ 20 വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാവും. 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് വണിഗർ തെരുവിൽ സ്ഥാപിച്ചിരിക്കുന്നത്. ടാങ്കിൽ വെള്ളം നിറച്ച് ചോർച്ചയുണ്ടോയെന്ന ആശങ്ക പരിഹരിക്കുന്നതിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. മുൻ എം.എൽ.എ ജമീലാപ്രകാശത്തിന്റെ കാലത്താണ് നബാർഡ് ഫണ്ടിൽ നിന്ന് ബാലരാമപുരം പഞ്ചായത്തിനായി 11 കോടിയോളം രൂപ അനുവദിച്ചത്. പള്ളിച്ചൽ,​ വിളവൂർക്കൽ പഞ്ചായത്തുകൾക്ക് വെവ്വേറെ ഫണ്ടനുവദിച്ച് പദ്ധതിയുടെ ഭാഗമാവുകയായിരുന്നു. വിളവൂർക്കൽ പഞ്ചായത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. ഇടതുപക്ഷത്തിൽ നിന്നും യു.ഡി.എഫ് കോവളം മണ്ഡലം സീറ്റ് തിരികെ പിടിച്ചതോടെ എം.വിൻസെന്റ് എം.എൽ.യുടെ കാലത്താണ് തുടർനടപടികൾ ഊർജ്ജിതമാക്കിയത്. റെയിൽവേ ഉദ്യോഗസ്ഥരുമായി എം.എൽ.എയുടെ ചേംബറിലും റെയിൽവേ ഓഫീസിലും പദ്ധതി എത്രയുംവേഗം നടപ്പാക്കുന്നതു സംബന്ധിച്ച് നിരവധി ചർച്ചകളും നടന്നിരുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതു സംബന്ധിച്ച് റെയിൽവേയുടെ അനുമതി വൈകിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം പദ്ധതി അനിശ്ചിതത്ത്വത്തിലായിരുന്നു. രണ്ടുമാസം മുൻപ് റെയിൽവേയുടെ അനുമതിയും ലഭിച്ചതോടെ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ അവസാനഘട്ട ജോലികളും പൂർത്തിയായി. മുക്കമ്പാലമൂടിന് സമീപം റെയിൽവേ ടണലിന് കുറുകെയാണ് പൈപ്പ്ലൈൻ സ്ഥാപിച്ച് പ്രതിസന്ധി പരിഹരിച്ചത്. ടണലിന് മുകളിലൂടെ ജലവാഹിനി കുഴലുകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി സർക്കാർ റെയിൽവേയ്ക്ക് അടയ്ക്കാനുള്ള 15 കോടി കുടിശ്ശികയിൽ നിന്ന് 13കോടി അടച്ചശേഷമാണ് പദ്ധതിക്ക് പുതുജീവൻ വച്ചത്. സാങ്കേതിക തടസങ്ങൾ നീക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോവാൻ റെയിൽവേ ഡിവിഷനും അനുമതി നൽകിയതോടെയാണ് ബാലരാമപുരം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായത്.

 ടാങ്കിന്റെ സംഭരണശേഷി 12 ലക്ഷം ലിറ്റർ

 ജലവിതരണം തടസപ്പെടുന്നത് നിത്യസംഭവമായിരുന്നു

വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ നെയ്യാർ ഇറിഗേഷൻ ഡിവിഷനു കീഴിൽ ആറാലുംമൂട് വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. എന്നാൽ പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും ജലവിതരണം തടസപ്പെടുന്നത് നിത്യസംഭവമായിരുന്നു. പദ്ധതി വൈകുന്നതു സംബന്ധിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളകൗമുദിയും നിരവധി വാർത്തകൾ നൽകിയിരുന്നു.