തിരുവനന്തപുരം: പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിലേക്ക് ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകന് നേരെ കൈയേറ്റ ശ്രമം. ഇന്നലെ രാത്രി 8.30ന് ടാഗോർ തിയേറ്ററിലാണ് സംഭവത്തിൽ അറസ്റ്റിലായ നാലാം പ്രതി ബേസിലിന് നേരെ ഒരു കൂട്ടം ആൾക്കാരുടെ കൈയേറ്റ ശ്രമമുണ്ടായത്. കേസിൽ ബേസിലിന് ജാമ്യം ലഭിച്ചിരുന്നു.
ചലച്ചിത്ര മേള കാണാനാണ് ബേസിൽ സുഹൃത്തുക്കളോടൊപ്പം ഇന്നലെ ടാഗോർ തിയേറ്ററിൽ എത്തിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടിയിലാണ് യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. ബേസിലിനെ തിയേറ്ററിൽ കയറ്റില്ലെന്ന് യുവാക്കൾ മുദ്രാവാക്യം മുഴക്കി. തുടർന്ന് വാക്കു തർക്കമായി. പൊലീസ് സംഘം ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സംഭവം സംഘർഷത്തിന്റെ വക്കോളമെത്തി. കൂടുതൽ പൊലീസെത്തി സംഘർഷാവസ്ഥ നിയന്ത്രിച്ചു. ബേസിലിനെ പൊലീസ് വാഹനത്തിൽ അവിടെ നിന്ന് കൊണ്ടുപോയി. സംഭവത്തിൽ പരാതി ലഭിച്ചാൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. സി.പി.എം പ്രവർത്തകരാണ് കൈയേറ്റത്തിന് ശ്രമിച്ചതെന്നാണ് ആരോപണം.
പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തെ നവകേരള സദസിനായി പോകുന്നതിനിടെ ഓടയ്ക്കാലിയിലെത്തിയപ്പോഴാണ് ബസിനു നേരെ ഷൂ ഏറുണ്ടായത്. ബേസിലുൾപ്പെടെ നാലു കെ.എസ്.യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.