p

തിരുവനന്തപുരം: 'ലെവൽ ക്രോസ് രഹിത കേരളം ' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് റെയിൽവേ മേൽപ്പാലങ്ങളുടെ സ്ഥലമേറ്റെടുപ്പ് വൈകാതെ ആരംഭിക്കും. ഇതിന് പൊതുമരാമത്തു വകുപ്പ് 51 കോടി രൂപ അനുവദിച്ചു. ഇടക്കുളങ്ങര, പോളയത്തോട് (കൊല്ലം), കോതനല്ലൂർ (കോട്ടയം), വെള്ളയിൽ (കോഴിക്കോട്), മാക്കൂട്ടം (കണ്ണൂർ) എന്നിവിടങ്ങളിലാണ് സ്ഥലമേറ്റെടുക്കുക.

2021ൽ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനായി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. നിർമ്മാണത്തിനായി കെ-റെയിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. നിർമ്മാണച്ചെലവ് സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായി വഹിക്കും.ധാരണ പ്രകാരം ആകെ 27 റെയിൽവേ മേൽപ്പാലങ്ങളാണ് നിർമ്മിക്കുക. ഇതിൽ ആറെണ്ണത്തിന്റെ സ്ഥലമേറ്റെടുപ്പിനായി മുമ്പ് 27 കോടി രൂപ അനുവദിച്ചിരുന്നു. കണ്ണപുരം, ചെറുകുന്ന്, മുഴപ്പിലങ്ങാട് ബീച്ച് (കണ്ണൂർ), ആട്ടൂർ, ഒല്ലൂർ (തൃശൂർ), അഴൂർ (തിരുവനന്തപുരം) എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾക്കാണിത്. ഇനി 16 മേൽപ്പാലങ്ങളുടെ സ്ഥലമേറ്റെടുപ്പിനാണ് പണം അനുവദിക്കേണ്ടത്. പള്ളി, പൈൻകുളം (തൃശൂർ), തൃപാകുടം, കാക്കനാട് (ആലപ്പുഴ), പട്ടികാട്, ചെറുകര, ചിറമംഗലം, നിലമ്പൂർ യാർഡ് (മലപ്പുറം), ഏഴിമല, കണ്ണൂർ സൗത്ത്, പണ്ണൻപാറ (കണ്ണൂർ), സൗത്ത് തൃക്കരിപ്പുർ, ഉപ്പള, ഒളവര (കാസർകോട്), മണകര (പാലക്കാട്), താമരകുളം (കൊല്ലം-ആലപ്പുഴ) എന്നിവയാണിവ.

സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി ആകെ 99 മേൽപ്പാലങ്ങളാണ് നിർമ്മിക്കുക. ഇതിൽ 72 എണ്ണം കിഫ്ബി ഫണ്ട് ചെലവിട്ട് പൊതുമരാമത്തു വകുപ്പിനു കീഴിലെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മിക്കുന്നത്. 10 മേൽപ്പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ കാഞ്ഞങ്ങാട്, ഫറോക്ക്, ഗുരുവായൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ പൂർത്തിയായി.