
വിതുര: തകർന്ന് തരിപ്പണമായിക്കിടന്ന വിതുര പഞ്ചായത്തിലെ കൊപ്പം - ഇറയംകോട് റോഡ് ഗതാഗതയോഗ്യമാക്കി. ഇനി ഈ റോഡിലൂടെ സുഖമായി വഴി നടക്കാം. പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് ടാറിംഗ് നടത്തിയത്. വിതുര-പാലോട് റോഡിൽ മേലേകൊപ്പത്തു നിന്നും നെല്ലിക്കുന്ന്, ഇറയംകോട് ഭാഗത്തേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളേറെയാവുന്നു. റോഡിന്റെ ശോച്യാവസ്ഥയിൽ കാൽനടയാത്രയും വാഹനയാത്രയും ഇവിടെ സാദ്ധ്യമല്ല. വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അതിനൊപ്പം റോഡിൽ അനവധി അപകടങ്ങളും പതിവാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടായില്ല. സ്കൂൾ വാഹനങ്ങളടക്കം ധാരാളം വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മഴക്കാലമായാൽ യാത്ര കൂടുതൽ ദുരിതപൂർണമാകും. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥികൾക്ക് മുന്നിൽ റോഡെന്ന വിഷയം ഒരു ചോദ്യചിഹ്നമാവാറുണ്ട്. വിജയിപ്പിച്ചാൽ ശരിയാക്കിത്തരാമെന്ന സ്ഥിരം പല്ലവിയും. റോഡപകടങ്ങൾ പതിവായതോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കൊപ്പം വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ നീതു രാജീവ് അടിയന്തരമായി ഇടപെടുകയും ഫണ്ട് അനുവദിക്കുകയുമായിരുന്നു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ടാറിംഗ് പൂർത്തീകരിക്കുകയും ചെയ്തു.