desheeya-patha

 അപകടങ്ങൾ തുടർക്കഥയാവുന്നു

കല്ലമ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിലെ ജോലികൾ ദ്രുതഗതിയിൽ നടക്കുന്നതിനാൽ ഡ്രൈവർമാർക്കുള്ള അറിയിപ്പുകളും സൂചനാ ബോർഡുകളും അപകട മുന്നറിയിപ്പും സമയാസമയങ്ങളിൽ പാലിക്കപ്പെടുന്നില്ല. ഇത് ചെറുതും വലുതുമായ അപകടങ്ങൾക്ക് പലപ്പോഴും വഴിയൊരുക്കുന്നു. വെളിച്ചക്കുറവുമൂലം രാത്രികാല അപകടങ്ങളും പെരുകുന്നുണ്ട്. കടമ്പാട്ടുകോണത്തിനു സമീപം മൂന്ന് മാസം മുൻപ് പുതിയതായി സ്ഥാപിച്ച ഡിവൈഡറിൽ സ്കൂട്ടർ ഇടിച്ചുകയറി ഒരാൾ മരിച്ച സംഭവവുമുണ്ടായി. ഹെവി വാഹനങ്ങളും മറ്റും ലൈറ്റ് ഡിം ചെയ്യാത്തത് എതിരെ വരുന്ന വാഹനങ്ങൾക്ക് റോഡ്‌ കാണാൻ കഴിയാതെ വരുന്നു. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നു. കല്ലമ്പലം ദേശീയപാതയിൽ കഴിഞ്ഞ രണ്ടിന് പുലർച്ചെ മൂന്നുമണിക്ക് എയർപോർട്ടിലേക്ക് പോയ കാർ 12 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റിരുന്നു. എതിർദിശയിൽ നിന്ന് വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാൽ പ്രകാശം കണ്ണിൽ അടിച്ചു കയറുകയും ഒരു നിമിഷം ദിശ തെറ്റുകയും ചെയ്തതാണ് അപകടകാരണമെന്ന് കാർ ഡ്രൈവർ പറഞ്ഞതായി പൊലീസ് പറയുന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന കൊല്ലം സ്വദേശികളായ ജെയ്സൺ (30), കിരൺ (28), ജിതിൻ (28) എന്നിവരെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണി നടക്കുന്ന താഴ്ചയിലുള്ള പുതിയ റോഡിലേക്കാണ് കാർ പതിച്ചത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ കെ.എസ്.ആർ.ടി.സി ബസും അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും സമാന സംഭവമായിരുന്നുവെന്ന് കാർ ഡ്രൈവറും സഞ്ചരിച്ചിരുന്ന യാത്രക്കാരും പറഞ്ഞു.

യാത്ര സൂക്ഷിച്ചു വേണം

അന്യസംസ്ഥാന ലോറികളാണ് കൂടുതലും വെളിച്ചക്രമം പാലിക്കാതെ വാഹനം ഓടിക്കുന്നതെന്ന പരാതി വ്യാപകമാണ്. പാരിപ്പള്ളി മുതൽ മണമ്പൂർ ആഴാംകോണം വരെ ദേശീയപാത വികസനം വേഗത്തിൽ നടക്കുകയാണ്. അതിനാൽ റോഡിൽ പലയിടത്തും സ്ഥാപിച്ചിരുന്ന ഡിവൈഡർ, ദിശാ സൂചിക ബോർഡ് തുടങ്ങിയവയെല്ലാം എടുത്തുമാറ്റിയ നിലയിലാണ്. ചിലയിടത്ത് ഗതാഗതം ഇടറോഡിലൂടെ തിരിച്ചുവിടുന്നുണ്ട്. വീതി കൂട്ടാനും പാലം നിർമ്മിക്കാനും വേണ്ടി എടുത്ത വലിയ കുഴികളും പലയിടത്തും കാണാം. എന്നാൽ രാത്രികാല യാത്ര സൂക്ഷിച്ചു വേണമെന്ന യാതൊരു മുന്നറിയിപ്പും ദേശീയപാത അതോറിട്ടി നൽകിയിട്ടില്ല.