
പാലോട്: നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ആറുമാസമായി വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.എന്നാൽ കഴിഞ്ഞ 20 ദിവസമായി കുടിവെള്ള വിതരണം പൂർണമായും നിലച്ചു.തുടർന്ന് ചില ഹോട്ടലുകൾ അടച്ചു.പാലോട് ഭാഗത്ത് കുടിവെള്ളം കിട്ടാക്കനിയാണ്.
2009ൽ 60 കോടി രൂപ പ്രഖ്യാപിച്ച് ആരംഭിച്ച നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി ഒന്നുമാകാതെ കാടുകയറി നശിക്കുകയാണ്. ഈ പ്രദേശം നിലവിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം വൈകുന്നതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു.
ജലജീവൻ മിഷന്റെ നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പുകൾ പലയിടത്തും പൊട്ടിയതും,പൈപ്പ് സ്ഥാപിച്ചയിടങ്ങളിൽ ജലവിതരണം മുടങ്ങിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
പാലോടുള്ള പഴയ പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണം പമ്പ് കേടായതിനെ തുടർന്ന് നിലച്ചു. കുടിവെള്ളപദ്ധതി കൊണ്ട് ഏറെ പ്രയോജനം ചെയ്യുന്ന മൂന്ന് സ്ഥലങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ട് സ്ഥലങ്ങൾ ആനാട് ഗ്രാമപഞ്ചായത്തിലുമാണ്.
ഒന്നുമായില്ല
കുടിവെള്ള പ്ലാന്റിലെ ഓവർഹെഡ് ടാങ്ക് നിർമ്മാണ പദ്ധതിക്കായി നന്ദിയോട് പഞ്ചായത്ത് ആലുങ്കുഴിയിൽ 15 സെന്റ് സ്ഥലം 7 ലക്ഷത്തിനും, താന്നിമൂട് 15 സെന്റ് 15 ലക്ഷത്തിനും, ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും പഞ്ചായത്ത് വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും പദ്ധതിയെങ്ങുമെത്തിയില്ല.
ഉപേക്ഷിച്ച പദ്ധതികൾ
ആനക്കുഴിയിൽ പത്തുലക്ഷം ലിറ്റർ ടാങ്കും, പാലോട്ടെ മെയിൻ ടാങ്കിനോടനുബന്ധിച്ച് 630 കെ.വി, 250 കെ.വി എന്നിങ്ങനെയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളും ഗാർഹിക ശുദ്ധജല വിതരണത്തിന് പൈപ്പുകളും, 80 എച്ച്.പി പമ്പും സ്ഥാപിച്ചാൽ നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് 90 ശതമാനത്തോളം പരിഹാരമാകുമെന്നിരിക്കെയാണ് ഒന്നും ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സ്റ്റോറേജ് പ്ലാന്റ്,എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ് മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും ഈ പ്രദേശമിപ്പോൾ കാടുകയറിയ നിലയിലാണ്. പാലോട്ടെ പമ്പ് ഹൗസ് പരിസരവും കാടുകയറി. ആനക്കുഴിയിൽ ടെൻഡർ നേടിയ ആൾ ടാങ്ക് നിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല.ആലുങ്കുഴിയിൽ ടെൻഡർ നടപടി പൂർത്തിയായി നിർമ്മാണം ആരംഭിച്ചെങ്കിലും അതും കോൺട്രാക്ടർ ഉപേക്ഷിച്ച നിലയിലാണ്.
മുടക്കമില്ലാതെ ബിൽ
കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായെങ്കിലും മുടങ്ങാതെ ബില്ല് ലഭിക്കുന്നുണ്ട്. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഉൾമേഖലകളിൽ കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. ദൈവപ്പുര, കട്ടക്കാൽ, പറങ്കിമാംവിള, പനങ്ങോട്, വേലാംകോണം, മത്തായിക്കോണം തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളത്തിന് പകരം കാറ്റ് ലഭിക്കുന്നത്.നിരവധി തവണ വാട്ടർ അതോറിട്ടിയുടെ നന്ദിയോട്ടെ ഓഫീസിലെത്തി പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.