
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കഴിഞ്ഞ മൂന്ന് തദ്ദേശ ഉപ തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ മുന്നേറ്റം യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.
ഫെബ്രുവരിയിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. എൽ.ഡി.എഫിന് 14ഉം യു.ഡി.എഫിന് 8ഉം എൻ.ഡി.എയ്ക്ക് 2ഉം മറ്റുള്ളവർക്ക്
നാലും സീറ്റാണ് ലഭിച്ചത്. മേയ് 30ന് 19 വാർഡുകളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കും ഏഴ് സീറ്റു വീതവും എൻ.ഡി.എയ്ക്ക് ഒരു സീറ്റും മറ്റുള്ളവർക്ക് നാല് സീറ്റും ലഭിച്ചു. ആഗസ്റ്റിൽ 17 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എട്ട് സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫിന് ഏഴും എൻ.ഡി.എയ്ക്കും മറ്റുള്ളവർക്കും ഓരോ സീറ്റ് വീതവും ലഭിച്ചു.കഴിഞ്ഞ ദിവസം നടന്ന 33 വാർഡുകളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ 17 ഇടങ്ങളിൽ യു.ഡി.എഫ് ജയിച്ചപ്പോൾ പത്ത് സീറ്റിലേക്ക് എൽ.ഡി.എഫ് വിജയം ചുരുങ്ങി. എൻ.ഡി.എയ്ക്ക് നാലും മറ്റുള്ളവർക്ക് രണ്ടും സീറ്റാണ് ലഭിച്ചത്
തിരഞ്ഞെടുപ്പ് ഒരുക്കം:
യു.ഡി.എഫ് പിന്നിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ യു.ഡി.എഫ് പിന്നിലാണ്. കോൺഗ്രസ് മത്സരിക്കുന്ന ഭൂരിഭാഗം ഇടങ്ങളിലും മണ്ഡലം പുനഃസംഘടന സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാൽ താഴേത്തട്ടിൽ മുന്നൊരുക്കങ്ങൾ ഇഴയുകയാണ്. ബൂത്ത് കമ്മിറ്റികൾ പോലും ചേർന്നിട്ടില്ല. നവ കേരള സദസിലൂടെ ജനങ്ങളെ നേരിൽ കാണാനും അണികളെ ഊർജ്ജസ്വലരാക്കാനും എൽ.ഡി.എഫിന് കഴിഞ്ഞു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനാണ് ബി.ജെ.പി തീരുമാനം.