p

തിരുവനന്തപുരം: കുടിശ്ശിക കിട്ടാത്ത കരാറുകാർ മുഖം തിരിക്കുന്നതിനാൽ ജലജീവൻ മിഷന്റെ ഇരുപത്തഞ്ചോളം പദ്ധതികൾ ടെൻഡർ പോലും ചെയ്യാനാവുന്നില്ല. പദ്ധതി കാലാവാധി തീരാൻ മൂന്നര മാസം മാത്രം ശേഷിക്കെയാണിത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ - 11. തലസ്ഥാന ജില്ലയിൽ ഒന്നുമില്ല.

നടപ്പാക്കിയ പദ്ധതികളുടെ കുടിശ്ശികയായി 1450 കോടിയാണ് നൽകാനുള്ളത്. ഇത് സമയബന്ധിതമായി നൽകണമെന്ന് കരാറുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

കേന്ദ്രത്തിന്റെ ഗഡു ലഭിക്കുന്ന മുറയ്‌ക്കാണ് സംസ്ഥാനം വിഹിതം അനുവദിക്കുന്നത്. കേന്ദ്രം തുക അനുവദിച്ചാലും സംസ്ഥാനവിഹിതം യഥാസമയം കിട്ടാറില്ലെന്ന് കരാറുകാർ പറയുന്നു. ജല അതോറിട്ടിയുടെ 1000 കരാറുകാരാണ് ടെൻഡർ എടുത്തിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കരാറുകാരെ ലഭ്യമാക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും അവിടെയും ജലജീവൻ മിഷൻ പദ്ധതിയുള്ളതിനാൽ പരാജയപ്പെട്ടു.

2019ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി ഒരു വർഷം വൈകിയാണ് കേരളത്തിൽ തുടങ്ങിയത്. 53 ശതമാനം മാത്രമാണ് പൂർത്തിയായത്. വൈകി തുടങ്ങിയതിനാൽ പദ്ധതിയുടെ കാലാവധി ഒന്നരവർഷം നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെന്നോ തള്ളിയെന്നോ കേന്ദ്രം അറിയിച്ചിട്ടില്ല. 40,000 കോടിയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുന്നത്.

 കേരളം 30-ാമത്

ജലജീവൻ മിഷൻ നടത്തിപ്പിൽ കേരളം രാജ്യത്ത് മുപ്പതാം സ്ഥാനത്താണ്. പദ്ധതി പ്രകാരം 2024 മാർച്ചിനകം 34.10 ലക്ഷം വീടുകൾക്കു കൂടി കുടിവെള്ള കണക്‌ഷൻ നൽകണം.

ജലജീവൻ മിഷൻ

69,​92​5,​37
ആകെ ഗ്രാമീണ വീടുകൾ

36,​356,​04
നിലവിലെ കണക്‌ഷൻ

33,​569,​33
ഇനി നൽകേണ്ടത്

പദ്ധതിവിഹിതം (ശതമാനത്തിൽ)​

കേന്ദ്രം - 45

സംസ്ഥാനം- 30

പഞ്ചായത്ത്- 15

ഗുണഭോക്താവ്- 10