കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലുണ്ടായിരുന്ന വൈദ്യുതി ഓവർസിയർ ഓഫീസ് നിറുത്തിയിട്ട് വർഷങ്ങളായി. ഓവർസിയർ ഓഫീസ് അസിസ്റ്റന്റ് എൻജിനിയർ ഓഫീസായി ഉയർത്തണമെന്ന നാട്ടുകാരുടെ ആവശ്യം നിലനിൽക്കെയായിരുന്നു ഓവർസിയർ ഓഫീസ് പോലും നിറുത്തിയത്.
1996ൽ അന്നത്തെ എം.എൽ.എ ആനത്തലവട്ടം ആനന്ദന്റെ ശ്രമഫലമായാണ് അഞ്ചുതെങ്ങിൽ കെ.എസ്.ഇ.ബിയുടെ ഓവർസിയർ ഓഫീസ് സ്ഥാപിച്ചത്.പെരുമാതുറ മുതൽ നെടുങ്ങണ്ട വരെയായിരുന്നു ഈ ഓഫീസിന്റെ പ്രവർത്തനപരിധി. കടലിനോടു ചേർന്ന് കിടക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിൽ വൈദ്യുതി തടസങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുക പതിവാണ്. അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം പ്രവർത്തിച്ചിരുന്ന ഓഫീസിൽ വൈദ്യുതി ചാർജ്ജ് അടയ്ക്കാനുള്ള സൗകര്യമില്ല. അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫീസുണ്ടായിരുന്നതിനാൽ ഈ തടസങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുമായിരുന്നു.
ഓവർസിയർ ഓഫീസ് പ്രവർത്തനരഹിതമായതോടെ പ്രദേശവാസികൾ ഒന്നും രണ്ടും ബസുകൾ കയറി കടയ്ക്കാവൂരെത്തി കടയ്ക്കാവൂർ ഇലക്ട്രിസിറ്റി ഓഫീസിൽ വേണം വൈദ്യുതി ബിൽ അടയ്‌ക്കേണ്ടത്.
വൈദ്യുതി തടസമുണ്ടായാൽ ടെലിഫോണിൽ വിളിച്ചു പറഞ്ഞാൽ മണിക്കൂറുകൾ കഴിഞ്ഞായിരിക്കും ജീവനക്കാരെത്തുന്നത്. കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിൽ ലൈൻമാന്മാരുടെയും ഓവർസിയറുടെയും ഒഴിവുകൾ ഉണ്ടെന്നാണ് അറിയുന്നത്. ഇതും വൈദ്യുതി തടസങ്ങൾ പരിഹരിക്കാൻ കാലതാമസമുണ്ടാക്കുന്നു. ഈ ഓഫീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും വർഷങ്ങൾ പലത് കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.