photo

നെടുമങ്ങാട്: ലക്ഷ്യ സ്റ്റാൻഡേഴ്സ് പട്ടികയിലുണ്ടായിരുന്ന പത്ത് ആതുരാലയങ്ങളിൽ ഒന്നായ നെടുമങ്ങാട് ജില്ലാ ആശുപത്രിയെ ഇതിൽ നിന്നു തഴഞ്ഞു. അപകടങ്ങളിൽപ്പെട്ടും ഗുരുതര രോഗങ്ങൾ പിടിപെട്ടും എത്തുന്നവർക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ക്വാളിറ്റി ഇപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് അഥവാ ലക്ഷ്യ സ്റ്റാൻഡേഴ്സിൽ നിന്നാണ് ആശുപത്രിയെ പുറത്താക്കിയത്. എമർജൻസി ഒ.പിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി തീരുമാനം മരവിപ്പിച്ചതായാണ് അധികൃതർ നൽകുന്ന സൂചന. പശ്ചാത്തല വികസനം മുൻനിറുത്തി കോടികളുടെ മാസ്റ്റർപ്ലാൻ അണിയറയിൽ ഒരുങ്ങുമ്പോഴാണ് ജില്ലാ ആശുപത്രിയെ 'ലക്ഷ്യ'യിൽ നിന്ന് തഴഞ്ഞത്. മതിയായ ഇൻഫ്രാസ്‌ട്രെക്ച്ചർ ഒരുക്കുന്നതിലും മരുന്ന് ലഭ്യതയിലും അധികൃതർ ആശുപത്രിയോട് പുലർത്തുന്ന അവഗണനയാണ് തിരിച്ചടിയായത്.

 മരുന്നു ക്ഷാമം

ഡോക്ടർമാരുടെ കുറിപ്പടിയുമായി സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കണം. ഓരോ വർഷത്തേക്കും ആവശ്യമായ മരുന്നിന്റെ ഇന്റെൻഡ് ആശുപത്രി അധികൃതർ മുടങ്ങാതെ നൽകുന്നുണ്ടെങ്കിലും പകുതി പോലും അനുവദിച്ചു കിട്ടുന്നില്ലെന്നതാണ് വസ്തുത. മരുന്ന് വാങ്ങാൻ മാത്രമുള്ള ഫണ്ട് എച്ച്.എം.സിയുടെ പക്കലുമില്ല.

 നിറവേറാതെ സ്വപ്നങ്ങൾ

നാല് കൊല്ലം മുൻപ് സജ്ജീകരിച്ച കാൻസർ കെയർ – കീമോതെറാപ്പി യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, പാലിയേറ്റീവ് വാർഡ്, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ബയോമെഡിക്കൽ വേസ്റ്റ് സംസ്കരണ ഇമേജ് റൂം, സ്റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം പൂർണ തോതിൽ ലക്ഷ്യം കാണാത്തതും തിരിച്ചടിയാണ്. ഓക്സിജൻ പ്ലാന്റ്, ശതാബ്ദി സ്മാരക ഒ.പി മന്ദിരം, പ്രസവ വാർഡ് വിപുലീകരണം തുടങ്ങിയ ആവശ്യങ്ങളും നിറവേറാനുണ്ട്.

** ഡോക്ടർ 'ട്രിപ്പിലാണ്" !

30 സ്ഥിരം ഡോക്ടർമാരും എൻ.എച്ച്.എം ഡോക്ടർമാരും ഉൾപ്പെടെ 300ഓളം ജീവനക്കാരുണ്ട്. പക്ഷേ, പരാതിയും പരിഭവവും ഒഴിഞ്ഞു നേരമില്ല. ആഴ്ചയോടാഴ്ച ഡോക്ടർമാരും നഴ്‌സുമാരുമടക്കം മുപ്പതും നാല്പതും പേർ ഗ്രൂപ്പ് തിരിഞ്ഞാണ് ഉല്ലാസയാത്ര ! കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ചിൽക്കൂടുതൽ ടൂർ പ്രോഗ്രാം നടന്നിട്ടുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വാർഷിക ടൂർ പാക്കേജ് വേറെ. 225 കിടക്കകളുള്ള മേജർ ആശുപത്രിയാണ്. 1500 മുതൽ 2000 രോഗികൾ വരെ ദിവസേന ഒ.പിയിലെത്തും. ഇവിടെ, സേവനം ഇങ്ങനെ മതിയോയെന്ന് നാട്ടുകാർ ചോദിക്കുന്നു.

 തുടക്കം 1920ൽ രാജഭരണകാലത്ത് ഡിസ്ട്രിക്ട് ഹോസ്പിറ്റലായി

നഗരസഭ രൂപീകൃതമായതോടെ താലൂക്കാശുപത്രിയാക്കി

 2013ൽ വീണ്ടും ജില്ലാ ആശുപത്രിയായി ഉയർത്തി

ആകെ 225 കിടക്കകൾ, 30 ഡോക്ടർമാർ