
ശിവഗിരി: ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനകാലത്തിന് ഇന്ന് തുടക്കമാവും. ജനുവരി അഞ്ചിന് അവസാനിക്കും. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ശ്രീനാരായണ ഭക്തർക്ക് അറിവ് പകരുന്നതിനുള്ള പ്രഭാഷണങ്ങളും വിശേഷാൽ സമ്മേളനങ്ങളുമാണ് ഇന്നുമുതൽ ഡിസംബർ 29 വരെ ക്രമീകരിച്ചിട്ടുള്ളത്.
ശ്രീനാരായണഗുരുദേവൻ വിഭാവനം ചെയ്ത സർവ്വമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ് 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന സവിശേഷത. ആലുവയിൽ ഗുരുദേവൻ സംഘടിപ്പിച്ച സർവ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി ഈ തീർത്ഥാടന വേളയിലാണ്. വൈക്കം സത്യഗ്രഹ ശതാബ്ദിയും മഹാകവി കുമാരനാശാൻ പല്ലനയിൽ പരിനിർവ്വാണം പ്രാപിച്ചതിന്റെ ശതാബ്ദിയും ഇതോടൊപ്പം ചേർന്നുവരുന്നു.
16 മുതൽ 20 വരെ എല്ലാദിവസവും രാവിലെ 10 മുതൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിവര്യൻമാരുടെ നേതൃത്വത്തിൽ ഗുരുധർമ്മ പ്രബോധനം നടത്തും. 21 ന് രാവിലെ മുതൽ പാരമ്പര്യവൈദ്യ സമ്മേളനം. വൈദ്യ പരിശോധനയും സൗജന്യചികിത്സയും ഇതോടൊപ്പം ഉണ്ടാകും. 22 മുതൽ 25 വരെ ഗുരുദേവന്റെ ജീവിതത്തെയും ദർശനത്തെയും അടിസ്ഥാനമാക്കി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സ്വാമി സച്ചിദാനന്ദ നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ ,സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവർ ധ്യാനസന്ദേശം നൽകും. സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീർത്ഥ എന്നിവർ ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തിൽ പങ്കാളികളാകും.
26 ന് സർവ്വമതസമ്മേളനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 27ന് ഗുരുധർമ്മ പ്രചാരണ സഭയുടെ സമ്മേളനം. 28ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിസമ്മേളനം കവി വിശ്വമംഗലം സുന്ദരേശൻ ഉദ്ഘാടനം ചെയ്യും.
ഗുരു ധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ 21ന് സർവ്വമതസമ്മേളന പദയാത്രയും വൈക്കത്ത് നിന്നു 24ന് വൈക്കം സത്യഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും പത്തനംതിട്ടയിൽ നിന്നു കുമാരനാശാൻ സ്മൃതി പദയാത്രയും പുറപ്പെടും. വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ നൂറിലധികം പദയാത്രകളും ശിവഗിരിയിലേക്ക് പുറപ്പെടും.
''സർവമത സമന്വയമാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുദേവൻ നൽകിയ സന്ദേശം. എല്ലാ മതങ്ങളുടെയും ദാർശനിക ചിന്താധാര സമന്വയിപ്പിച്ചാണ് ഗുരുദേവൻ ഈ സന്ദേശം നൽകിയത്. രാഷ്ട്രത്തിന്റെ സമഗ്ര പുരോഗതിക്ക് ആവശ്യമായതെല്ലാം തീർത്ഥാടന സന്ദേശത്തിലുണ്ട്.
-സ്വാമി സച്ചിദാനന്ദ
ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ്