
തിരുവനന്തപുരം: ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് തത്കാലത്തേക്ക് മരവിപ്പിച്ച സിൽവർലൈൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ. പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുനൽകുന്നതിനെക്കുറിച്ച് തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാരുമായി കെ-റെയിൽ ചർച്ച പൂർത്തിയാക്കി. ഡിവിഷനുകൾ ഉന്നയിച്ച 20സംശയങ്ങൾക്ക് മറുപടി നൽകിയ കെ-റെയിൽ ചർച്ചയുടെ വിശദാംശങ്ങൾ റിപ്പോർട്ടാക്കി ദക്ഷിണറെയിൽവേയ്ക്ക് കൈമാറി.
റെയിൽവേ ഭൂമി വിട്ടുനൽകുന്നതിനെക്കുറിച്ച് കെ-റെയിലുമായി ചർച്ചനടത്തി വിശദമായ അഭിപ്രായമറിയിക്കാൻ ദക്ഷിണറെയിൽവേ ജനറൽ മാനേജർക്ക് കേന്ദ്രറെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ചകൾ. ദക്ഷിണറെയിൽവേയുടെ അഭിപ്രായം ലഭിച്ചാലുടൻ പാർലമെന്ററി സമിതിയിൽ സിൽവർലൈനിനെക്കുറിച്ചുള്ള നിലപാട് റെയിൽവേ ബോർഡ് അറിയിക്കും. പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ സർക്കാർ ഡൽഹിയിൽ സമ്മർദ്ദം ശക്തമാക്കിയതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
സിൽവർലൈനിനായി റെയിൽവേ ഭൂമിയും കെട്ടിടങ്ങളും ക്രോസിംഗുകളും ഏറ്റെടുക്കുന്നത് സംബന്ധിച്ച്
റെയിൽവേബോർഡാണ് തീരുമാനമെടുക്കേണ്ടത്. പദ്ധതിക്ക് അന്തിമാനുമതിയും ഭൂമിയും നൽകണമെന്ന് കെ-റെയിൽ വീണ്ടും ബോർഡിനോടാവശ്യപ്പെട്ടിട്ടുണ്ട്. 9ജില്ലകളിലെ 108ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ വിവരങ്ങൾ ഒരുവർഷം മുൻപ് കെ-റെയിൽ നൽകിയത് ദക്ഷിണറെയിൽവേ, ഡൽഹിയിലെ റെയിൽവേ ബോർഡിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. കേരളത്തിന്റെ സമ്മർദ്ദത്തെതുടർന്നാണ് ബോർഡ് ഈ വിവരങ്ങൾ ഉടനടി നൽകാൻ നിർദ്ദേശിച്ചത്. റെയിൽവേ ഭൂമിയിൽ സംയുക്തസർവേ നടത്താനാണ് സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് കേന്ദ്രാനുമതി നേടിയെടുക്കാൻ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെയാണ് സർക്കാർ നിയോഗിച്ചുള്ളത്.
നിലവിൽ റെഡ്സിഗ്നൽ
കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലും നിയോഗിച്ചിരുന്ന 205ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകൾ പൂട്ടിയും ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചിരിക്കുകയാണ്.
പരിസ്ഥിതി ആഘാതം, ഹൈഡ്രോളജിക്കൽ, കണ്ടൽക്കാട് സംരക്ഷണം, തീരദേശപരിപാലനം എന്നിങ്ങനെ പഠനങ്ങൾ പുരോഗമിക്കുകയാണ്.
പദ്ധതിക്ക് അനുമതി നൽകുന്നത് സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചായിരിക്കുമെന്നാണ് കേന്ദ്രനിലപാട്. പദ്ധതിക്ക് നേരത്തേ തത്വത്തിലുള്ള കേന്ദ്രാനുമതി ലഭിച്ചിരുന്നു.
ഇനിവേണ്ടത്
4അനുമതികൾ
1)റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ആദ്യംവേണ്ടത്
2)പിന്നാലെ നീതി ആയോഗ്, ധനകാര്യ മന്ത്രാലയം എന്നിവയുടെ അനുമതി
3)കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്ക്
4)കേന്ദ്രമന്ത്രിസഭാ യോഗമാണ് അന്തിമാനുമതി നൽകേണ്ടത്
ജനങ്ങൾക്ക് ദുരിതം
കല്ലിട്ട ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ല
നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ല
സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ല
57.84 കോടി
സിൽവർലൈനിനായി ഇതുവരെ ചെലവിട്ടത്
''കേന്ദ്രാനുമതി കിട്ടിയാൽ പദ്ധതിയുമായി മുന്നോട്ട്. പണം പ്രശ്നമല്ല. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. അനുമതി കിട്ടാത്തതിന് കാരണം രാഷ്ട്രീയം''
-പിണറായിവിജയൻ
മുഖ്യമന്ത്രി