
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തിരുന്ന് നിരന്തരം
വിവാദങ്ങൾ സൃഷ്‌ടിക്കുന്ന സംവിധായകൻ രഞ്ജിത്തിന്റെ കസേര തെറിക്കും.
അക്കാഡമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇന്നലെ യോഗം ചേർന്ന്, രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഇ മെയിൽ അയച്ചു. തുടർന്ന് മന്ത്രി രഞ്ജിത്തുമായി ഫോണിൽ സംസാരിച്ചു. രഞ്ജിത്ത് രാജി നൽകിയില്ലെങ്കിൽ നവകേരള യാത്രയ്ക്കു ശേഷം അദ്ദേഹത്തെ ഒഴിവാക്കുമെന്നാണറിയുന്നത്. മന്ത്രി ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ചെയർമാനെ മാറ്റണമെന്ന കത്ത് സാംസ്‌കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.
സംവിധായൻ ഡോ. ബിജുവിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമർശങ്ങളിൽ മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഡോ. ബിജുവുമായുള്ള തർക്കങ്ങൾ തീർത്തതാണെന്നും വീണ്ടും പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമാണ് മന്ത്രി അറിയിച്ചത്.
അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്കിടെ പ്രചരിച്ച വിവാദ അഭിമുഖത്തിലാണ് ഡോ. ബിജുവിന്റെ വിഷയം രഞ്ജിത്ത് വീണ്ടും എടുത്തിട്ടത്. പ്രതിഷേധിച്ച് ഡോ. ബിജു കെ. എസ്. എഫ്.ഡി. സി ഭരണസമിതിയിൽ നിന്ന് രാജിവച്ചിരുന്നു. ഭീമൻ രഘുവിനെ പരിഹസിച്ച ഇതേ അഭിമുഖത്തിൽ മന്ത്രി സജി ചെറിയാനെ പറ്റിയും ചില പരാമർശങ്ങൾ രഞ്ജിത്ത് നടത്തിയിരുന്നു. സമീപകാലത്തെ ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രിയെ 'അയാൾ' എന്നു പറഞ്ഞിരുന്നു. ഇതിൽ സി.പി.എം പ്രവർത്തകർക്ക് അമർഷമുണ്ടായിരുന്നു.
ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഇന്നലെ നടന്ന യോഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട 15 അംഗങ്ങളിൽ കുക്കു പരമേശ്വരൻ, മനോജ് കാന, എൻ അരുൺ, ജോബി, മമ്മി സെഞ്ചുറി ഉൾപ്പെടെ 9 പേർ പങ്കെടുത്തു. ചിലർ ഓൺലൈനിലും പങ്കെടുത്തു.
ചെയർമാൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അംഗങ്ങൾക്ക്. അഭിമുഖ വിവാദത്തിന് പിന്നാലെ എതിർപ്പ് രൂക്ഷമാവുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേളയിലും രഞ്ജിത്തിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ രഞ്ജിത് അവിഹിതമായി കൈകടത്തിയെന്ന ആരോപണവും വൻ വിവാദമായിരുന്നു.
സഹിക്കുന്നതിനും പരിധിയില്ലേ?
രഞ്ജിത്തിനെ ഇനിയും സംരക്ഷിക്കുന്ന നിലപാട് മന്ത്രിയിൽ നിന്ന് ഉണ്ടാകില്ലെന്ന് കരുതുന്നതായി കൗൺസിൽ അംഗങ്ങൾ പറഞ്ഞു. 'സഹിക്കുന്നതിന് ഒരു പരിധിയില്ലേ' എന്നാണ് ഒരു സംവിധായകൻ പറഞ്ഞത്. ഒരു കൂടിയാലോചനയും നടത്താതെ മാടമ്പിത്തരമാണ് രഞ്ജിത്ത് കാണിക്കുന്നതെന്നാണ് അംഗങ്ങളുടെ പരാതി.