road

വർക്കല : നഗരസഭ പത്താം വാർഡിലെ കണ്വാശ്രമം കക്കുളത്ത് കുന്ന് റോഡ് തകർന്ന് ഏഴ്‌ വർഷത്തിലധികമായിട്ടും പരിഹാരമില്ല. റോഡിലെ മെറ്റലുകൾ ഇളകി മാറി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നതും പതിവാണ്. രാത്രികളിൽ അപകടം സ്ഥിരമാണെന്നും നാട്ടുകാർ പറയുന്നു. ഗൂഗിൾ മാപ്പ് നോക്കി എത്തിയ ബൈക്ക് യാത്രക്കാരൻ അർദ്ധരാത്രിയിൽ അപകടത്തിൽപ്പെട്ടത് സമീപകാലത്താണ്. വെളിച്ചമില്ലായ്മയും അപകടത്തിന് കാരണമാവുന്നു. മാലിന്യ പ്ലാന്റിന് സമീത്തെ കക്കുളത്ത് കുന്ന് - തൊടുവെ റോഡിലൂടെ ശിവഗിരിയിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. തീർത്ഥാടനകാലത്ത് നിരവധി പേരാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. റോഡ് മോശമാണെങ്കിലും നിരവധി പേർ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കാൽനട യാത്രികർക്ക് പോലും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ്.

നടപടികളില്ല

കണ്വാശ്രമം കുന്നിൻ മുകളിൽ നിന്നും തൊടുവെ ഭാഗത്തേക്ക് റോഡിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നത് റോഡ് തകരാനുള്ള പ്രധാന കാരണമാണ്. പ്രദേശത്തെ താഴ്ചയുള്ള ഭാഗത്തെ വീടുകളിൽ വെളളം കയറുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ഓടയുടെ ആവശ്യകത പലതവണ അധികൃതരെ ബോധിപ്പിച്ചെങ്കിലും നടപടികളില്ല. റോഡിന്റെ നവീകരണപ്രവർത്തനം ഏറ്റെടുത്ത കരാറുകാരൻ മൂന്ന് വർഷമായിട്ടും പണി ആരംഭിച്ചിട്ടില്ല. 2016 ൽ നഗരസഭ ഈ റോഡ് വികസനത്തിന് 5.40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ ഏറ്റെടുത്തെങ്കിലും നാളിതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.