
തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടത് കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പീഡനവും കൊലപാതകവും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതാണ്. പ്രതി കുറ്റം സമ്മതിച്ചതുമാണ്. കേസ് പരാജയപ്പെട്ടതിനു പിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവു നശിപ്പിക്കപ്പെടാൻ കാരണമെന്ന് സംശയമുണ്ട്. അപ്പീൽ പോയതുകൊണ്ട് പരിഹാരമാകില്ല. മുഖ്യമന്ത്രി മറുപടി പറയണം. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്ന ആരോപണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.