തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായുള്ള ഹോസ്റ്റലുകളിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 995 ഹോസ്റ്റൽ,കാന്റീൻ,മെസ്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഒമ്പത് സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. വിവിധ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ കാന്റീനുകളിലും മെസ്സുകളിലും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് വകുപ്പിന് തുടർച്ചയായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. മൂന്നുപേർ വീതമുള്ള 96 സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 179 സ്ഥാപനങ്ങളെയും കണ്ടെത്തി.