
നാലുവർഷം മുമ്പാണ് കുന്നുകുഴി ബാർട്ടൺഹിൽ കോളേജിന് സമീപം പൈനാപ്പിൾ വിൽക്കുന്ന വയോധികയെ കാണുന്നത്. നര കയറിയ തലയും കുഴിഞ്ഞ കണ്ണുകളും വഴിയിലൂടെ പോകുന്നവരോട് ദയനീയമായി പൈനാപ്പിൾ നീട്ടുന്നതും ഇന്നും മറന്നിട്ടില്ല. നല്ല പ്രായം മുഴുവൻ ജോലിചെയ്ത് വിശ്രമത്തിലേക്ക്, ജീവിതത്തിന്റെ രണ്ടാം ബാല്യത്തിലേക്ക് ചുവടുവയ്ക്കേണ്ട സമയം പെരുമഴയിലും പൊരിവെയിലിലും തെരുവോരങ്ങളിലിരുന്ന് ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തിനായിരിക്കും? വിശ്രമിക്കാൻ, എല്ലാം മറന്നു സ്വസ്ഥമായി ഇരിക്കാൻ, അവർക്കും ആഗ്രഹം കാണില്ലേ? നഗരവീഥികളിലെ എഴുപതുകഴിഞ്ഞ കച്ചവടക്കാരുമായി സംസാരിച്ചപ്പോൾ ചിലരിൽ കണ്ടത് ദൈന്യത , മറ്റു ചിലരിൽ അതിജീവനവും സ്വാതന്ത്ര്യവും.
'പെടയ്ക്കുന്ന മീനാ.. മോനെ..ഒന്ന് വാങ്ങണേ...' 70കാരി ഫിലോമിനയുടെ ദയനീയമായ വിളി. ഗൗരീശപട്ടത്ത് ബെവ്‌കോയുടെ സമീപത്തായി നാല്പത് വർഷമായി കച്ചവടം ചെയ്യുന്നു. പുലർച്ചെ ഒമ്പതോടെ, കച്ചവടത്തിന് എത്തും. വെട്ടുകാട് ചന്തയിലും പേട്ടയിലും നിന്നുമാണ് മീൻ എടുക്കുന്നത്. ഫിലോമിനയുടെയും കൂലിപ്പണിക്കാരനായ മരുമകന്റെയും വരുമാനത്തിലാണ് വെട്ടുകാടുള്ള പതിമ്മൂന്നംഗ കുടുംബം കഴിഞ്ഞുപോകുന്നത്. മൂത്തമകൻ ഭിന്നശേഷിക്കാരനാണെന്ന് പറഞ്ഞപ്പോൾ ഫിലോമിനയുടെ ശബ്ദം ഇടറി. കുട്ടയിലെ മീൻ തീരാതെ മടങ്ങാനാവില്ല. മഴ പെയ്താൽ വാങ്ങാനാരുമെത്തില്ല. അടച്ചുതീർക്കാൻ ലോണും കടങ്ങളും... മരിക്കും മുമ്പ് സ്വന്തം കൂരയിൽ കിടക്കണമെന്നതാണ് ഏക ആഗ്രഹം.
പാളയം കണ്ണിമേറ മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന ബേക്കറി ജംഗ്ഷൻ സ്വദേശി സുശീലയുടെ മുഖത്ത് എഴുപത്തിരണ്ടാം വയസിലും ക്ഷീണമില്ല. ചിരി കാണാൻ ഭംഗി ഉണ്ടെന്ന് ചെറുപ്പത്തിൽ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അൻപത് വർഷത്തിലേറെയായി കച്ചവടം ചെയ്യുന്നു. രാവിലെ 7ഓടെ എത്തും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയിട്ട് വീണ്ടും കച്ചവടത്തിനെത്തും. കൈക്കും കാലിനും തേയ്മാനം വന്ന ശേഷം നേരെ ഇരിക്കാൻ സാധിക്കുന്നില്ല. കൊവിഡിനു ശേഷം കച്ചവടം കുറവാണ്. സ്വന്തം കാര്യം നോക്കാൻ ഇതിലൂടെ പറ്റും. ആ സ്വാതന്ത്ര്യം ഒന്ന് വേറെയാ...
കണ്ണിമേറ മാർക്കറ്റിൽ പച്ചക്കറി കച്ചവടം ചെയ്യുന്ന പോത്തൻകോട് സ്വദേശി ചന്ദ്രികയ്ക്ക് വയസ് 71 ആണ്. ചാല,പോത്തൻകോട് എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ എടുക്കുന്നത്. രാവിലെ 5ന് വന്ന് രാത്രി 7വരെ ഇവിടെ ഇരിക്കും. ഏഴരയുടെ ബസിന് തിരിക്കുമ്പോൾ ക്ഷീണിച്ച് അവശയാകും. തിരക്കുകൾക്കും വിലപേശലുകൾക്കും ഇടയിൽ ജീവിതപ്രശ്നങ്ങൾ മറക്കും. വീട്ടിൽ വെറുതേ ചിന്തിച്ചിരിക്കുന്ന സമയത്ത് നാലാളെ കാണാമല്ലോ എന്ന് ചന്ദ്രിക പറയുന്നു. ഇപ്പോൾ സഹോദരിമാർക്കൊപ്പം മുട്ടത്തറയിലാണ് താമസം. മകൾക്കൊപ്പം നിൽക്കുന്നത് മകന് ഇഷ്ടമല്ല. നേരെ തിരിച്ചും. കണ്ണടയും മുമ്പ് മക്കൾ ഒന്നിക്കണമെന്നതാണ് ഏറ്റവും വലിയ മോഹം.
ഭർത്താവ് മരിച്ചതോടെ ജീവിതത്തിലെ വലിയൊരു താങ്ങ് നഷ്ടപ്പെട്ടു. കണ്ണേറ്റുമുക്കിൽ വർഷങ്ങളായി വെള്ളവും ചായയും വില്ക്കുന്ന 72കാരി ഗോമതിഅമ്മയ്ക്ക് നല്ല തളർച്ചയുണ്ട്. എന്നാൽ ആരെയും ആശ്രയിക്കില്ലെന്ന വാശിയാണ്. ദിവസേന 300ലേറെ ചായകൾ വിൽക്കും. ശാന്തികവാടത്തിലും പരിസരത്തും എത്തുന്നവർ ഗോമതിയുടെ ചായ തേടിയെത്തും. വിശന്ന് വലഞ്ഞെത്തുന്നവർക്ക് ചായ ഫ്രീ. വിധവാ പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസമായി. അധികൃതരെ കണ്ടിട്ടും ഫലമുണ്ടായില്ലെന്ന് ഗോമതി പറയുന്നു.
'അഞ്ച് മാസമായി വാർദ്ധക്യ പെൻഷൻ മുടങ്ങിയിട്ട്. മാസം 1600 രൂപ കിട്ടിക്കൊണ്ട് ഇരുന്നതാ. ..' അൻപത് വർഷത്തിലേറെയായി ചാലയിൽ പച്ചക്കറി കച്ചവടം ചെയ്യുന്ന എൺപതുകാരി സുഭദ്ര പരാതിപ്പെടുന്നു. അതിരാവിലെ ബസുകയറി ചാലയിലെത്തും. കിള്ളിപ്പാലത്താണ് താമസം. മൂന്നു മക്കളുണ്ടെങ്കിലും അവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾക്കുള്ള തുക കണ്ടെത്താനാണ് വിശ്രമിക്കാത്തത്. വിറ്റുപോകാതിരിക്കുന്ന മുളകും ചീരയും വാഴയ്ക്കയും കാണുമ്പോൾ വിശ്രമിക്കാൻ മറക്കും. നല്ലൊരു വസ്ത്രം പോലും വാങ്ങാതെ കാശ് മിച്ചം പിടിച്ചാണ് ജീവിക്കുന്നത്.