
ബാലരാമപുരം: നേമം ഗവ.യു.പി.എസിൽ സംഘടിപ്പിച്ച ഭാഷോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ചാർട്ട് പേപ്പറുകളിൽ പത്രം തയാറാക്കി. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ,അസംബ്ലി എന്നിവയാണ് കുട്ടികൾ വാർത്താരൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു.എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ആരതി,മഞ്ചു എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ ഷീബ, ബെൻറാണി, ബിന്ദു എന്നിവർ നേതൃത്വം നൽകി.