
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ സീസൺ ആരംഭിച്ചിട്ട് 25 ദിനം പിന്നിട്ടു.
ദർശനം സാദ്ധ്യമാകാതെ ഭക്തർ തിരികെ പോകേണ്ട അവസ്ഥ ഇന്നോളം ഉണ്ടായിട്ടില്ല. തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടതിന്റെ നേർചിത്രമാണിത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് ഒരുലക്ഷത്തിലധികം ഭക്തരെത്തിയ ദിവസവും ദർശനം സുഗമമായിരുന്നു. ഇപ്പോൾ പ്രതിദിനം തീർത്ഥാടകരുടെ എണ്ണം 80000 ആയി കുറച്ചിട്ടും ദർശനസമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടും തിരക്ക് നിയന്ത്രിക്കാനാവുന്നില്ല. മുൻകാലങ്ങളിൽ ഏറ്റവും പരിചയസമ്പന്നരായ പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കും പതിനെട്ടാംപടിയിലും നിയോഗിച്ചിരുന്നത്. നിലവിൽ ഒരു ഷിഫ്‌ടിൽ 615 പൊലീസുകാരുടെ സേവനം മാത്രമാണുള്ളത്. തിരക്ക് കൂടുമ്പോൾ കെ.എ.പി ക്യാമ്പുകളിൽനിന്ന് പൊലീസുകാരെ എത്തിച്ചിരുന്നു.
നിലയ്ക്കൽ ബേസ് ക്യാമ്പാക്കി 10000 വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ നിലയ്ക്കൽ എത്തുന്നതിനുമുമ്പ് തന്നെ തീർത്ഥാടകരുടെ വാഹനങ്ങൾ തടയുകയാണ്. കുടിവെള്ളംപോലും ലഭ്യമാകാത്ത സ്ഥലങ്ങളിലാണ് മണിക്കൂറോളം വാഹനങ്ങൾ നിറുത്തിയിടേണ്ടി വരുന്നത്. നിലയ്ക്കലെത്തിയാൽ കെ.എസ്.ആർ.ടി.സി ബസുകളിൽ മാത്രമാണ് പമ്പയിലേക്ക് പോകാനാവുന്നത്. തീർത്ഥാടകരെ കുത്തിനിറച്ചാണ് പമ്പയിലേക്ക് കൊണ്ടുപോകുന്നത്. ഇത് അപകടം ക്ഷണിച്ചു വരുത്തും
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സീസണിന് മുന്നോടിയായി പുതിയ ബസുകൾ തീർത്ഥാടനത്തിന് സജ്ജമാക്കുകയും സീസൺ കഴിഞ്ഞാലുടൻ ഡിപ്പോകളിലേക്ക് കൈമാറുകയുമാണ് പതിവ്. ആ അഞ്ചുവർഷക്കാലയളവിൽ ഓരോ സീസണും മുന്നോടിയായി 15 മുതൽ 20 വരെ ഏകോപന യോഗങ്ങൾ നടത്തിയിരുന്നു. സമയബന്ധിതമായി തുക അനുവദിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ശബരിമലയ്ക്കായി ബജറ്റിൽ 65 കോടി രൂപ വകയിരുത്തിയതും യു.ഡി.എഫ് സർക്കാരാണ്. ദേവസ്വം മന്ത്രി പമ്പയിലോ സന്നിധാനത്തോ ക്യാമ്പ് ചെയ്ത് പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകണം.
(ദേവസ്വം വകുപ്പ് മുൻ മന്ത്രിയാണ് ലേഖകൻ 9846022228 )