തിരുവനന്തപുരം: തലസ്ഥാന നഗരവാസികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഈഞ്ചയ്‌ക്കൽ ഫ്ളൈ ഓവറിന്റെ നിർമ്മാണം ജനുവരിയി​ൽ തുടങ്ങും. ടെൻഡർ നടപടി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഈഞ്ചയ്ക്കൽ ഫ്ളൈഓവറിന്റെ ടെൻഡർ രേഖകൾ ഡൽഹിയിലെ ദേശീയപാത അതോറിട്ടിയുടെ അന്തിമ പരിഗണനയിലാണ്. ദേശീയപാത 66ൽ ചാക്ക ഫ്ളൈ ഓവർ അവസാനിക്കുന്ന സ്ഥലത്ത് നിന്നാരംഭിച്ച് മുട്ടത്തറ ഓവർപാസിൽ അവസാനിക്കുന്ന തരത്തിലാണ് ഫ്ളൈ ഓവർ രൂപകല്പന. ഫ്ലൈ ഓവർ യാഥാർത്ഥ്യമാകുമ്പോൾ കോവളം, ശംഖുംമുഖം,​വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് വേഗത്തിൽ നഗരത്തിലെത്താനാകും. ഫ്ളൈഓവർ സ്ഥാപിക്കുന്നതോടെ കഴക്കൂട്ടം,കോവളം,വിഴിഞ്ഞം,തമിഴ്‌നാട് റൂട്ടിലുള്ള വാഹനങ്ങൾക്ക് തടസമില്ലാതെ പോകാനുമാകും. കഴക്കൂട്ടം ഭാഗത്തുനിന്ന് നഗരത്തിലേക്ക് കടക്കേണ്ട വാഹനങ്ങൾക്ക് ചാക്ക മേൽപ്പാലത്തിലെത്തിയശേഷം സർവീസ് റോഡ് കടന്ന് അന്താരാഷ്ട്ര - ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് എത്താനാകും. നേരത്തെ ഈഞ്ചയ്ക്കലിൽ അണ്ടർപാസ് നിർമ്മിക്കാൻ ദേശീയപാത അതോറിട്ടി ആലോചിച്ചിരുന്നെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

തിരക്കിന് ആശ്വാസമാകും

നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഈഞ്ചയ്ക്കലിൽ ഫ്ളൈഓവറോ അണ്ടർപാസോ ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. കിഴക്കേകോട്ട,​വള്ളക്കടവ്,​അട്ടക്കുളങ്ങര,​പേട്ട എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളും ഈഞ്ചയ്ക്കലിലാണ് ചേരുന്നത്. പടിഞ്ഞാറേകോട്ട,​ അട്ടക്കുളങ്ങര ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഈഞ്ചയ്ക്കലിൽ കുടുങ്ങുന്നത് ഇവിടത്തെ നിത്യക്കാഴ്ചയാണ്. ആക്കുളത്ത് ലുലുമാൾ കൂടി വന്നതോടെ ബൈപ്പാസിൽ നിന്നുള്ള വാഹനത്തിരക്കേറി. ഈഞ്ചയ്ക്കലിൽ പത്തോളം പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തമിഴ്നാട്,​ നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നുവരുന്ന വാഹനയാത്രക്കാർ ടോൾ ഒഴിവാക്കാൻ അട്ടക്കുളങ്ങര വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഇത് മുട്ടത്തറയിലെ സർവീസ് റോഡിൽ വാഹനത്തിരക്കേറ്റുന്നുണ്ട്. ഫ്ളൈ ഓവർ വരുന്നതോടെ തിരക്ക് ഇല്ലാതാകും.

ഈഞ്ചയ്‌ക്കൽ ഫ്ളൈഓവർ

ചാക്ക ഫ്ളൈഓവർ മുതൽ മുട്ടത്തറ വരെ

 നാലുവരിപ്പാത
 9 സ്പാനുകൾ (ഓരോ 25മീറ്ററിലും)​

 തിരുവല്ലത്ത് പാലം

55 കോടി

പദ്ധതിച്ചെലവ്